CrimeNEWS

തൃത്താലയിൽ അനധികൃത എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: തൃത്താലയിൽ അനധികൃത എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപകം. എഴുത്തു ലോട്ടറി വ്യാപകമാണെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. സാധാരക്കാരൻ്റെ കൂലി പണം കവരുന്ന എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങൾ തകരുന്നു എന്ന പരാതികൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡു നടന്നത്. ആനക്കര, കുമ്പിടി, പടിഞ്ഞാറങ്ങാടി, ആലൂർ മേഖലകളിലെ ലോട്ടറി കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങൾ ആയാണ് റെയ്ഡുകൾ നടന്നത്. റെയ്ഡിൽ എഴുത്തു ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ആനക്കരയിലെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലക്ഷ്മി ലോട്ടറിക്കട ഉടമ ഷൺമുഖദാസ്, സഹായി മിതുൽ കൃഷ്ണ എന്ന മനു എന്നിവരാണ് പൊലീസ് പിടിയിലായത്. കേരളസംസ്ഥാന ലോട്ടറിയുടെ കച്ചവടത്തിൻ്റെ മറവിലാണ് പലരും ഇത്തരം ചൂതാട്ടത്തിന് മുതിരുന്നത്.

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറുകൾ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. ഒരു തവണ മൂന്നക്ക നമ്പർ എഴുതാൻ 10 രൂപയാണ് ഈടാക്കുന്നത്. ചില കടകളിൽ ഈ തുക പിന്നെയും ഉയരും. ഒരേ നമ്പർ തന്നെ ചുരുങ്ങിയത് ഒരാൾക്ക് 100 എണ്ണം വരെ എഴുതാം എന്നതിലൂടെ സമാന്തര ലോട്ടറിയിലൂടെ പ്രതിദിനം മറിയുന്നത് ലക്ഷങ്ങളാണ്. എഴുതിയ നമ്പറുകൾ ഒത്തുവന്നാൽ എഴുതിയ എണ്ണത്തിന് അനുസരിച്ച് 5000 രൂപ സമ്മാന തുക ലഭിക്കും.

Signature-ad

മൊബൈൽ അപ്ലിക്കേഷനുകളടക്കം രൂപകൽപ്പന ചെയ്താണ് എഴുത്ത് ലോട്ടറി ചൂതാട്ട ലോബിയുടെ പ്രവർത്തനം. 10 രൂപ മുതൽ ആയിരങ്ങളാണ് ആളുകൾ പ്രതിദിനം എഴുത്ത് ലോട്ടറി വാങ്ങാൻ ചിലവഴിക്കുന്നത്. നേരത്തേ വലിയ അങ്ങാടികൾ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന എഴുത്ത് ലോട്ടറി ചൂതാട്ടം ഇപ്പോൾ ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചതോടെ പോലീസ് ഇവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി രംഗത്തെത്തുകയായിരുന്നു.

Back to top button
error: