Movie

‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമാകുന്നു, ചിത്രം 160 തിയേറ്ററിൽ നിന്നും 250 ലേറെ തിയേറ്ററുകളിലേക്ക്; മമ്മൂട്ടിയുടെ ജോര്‍ജ് മാര്‍ട്ടിന്‍ പുതുമയും വ്യത്യസ്തയും നിറഞ്ഞ പൊലീസ് വേഷം

മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ തരംഗമായി മുന്നോട്ടു കുതിക്കുകയാണ്. ആദ്യ ദിനം ലഭിച്ച ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ പരിഗണിച്ച് ഇന്ന് മുതൽ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യ ദിനം കേരളത്തിൽ 165 കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രം ഇന്ന് മുതൽ 250ൽ പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. കേരളത്തിൽ മാത്രം ഒരു ദിനം ആയിരം ഷോസിലേക്ക് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്.

റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പവർ പാക്ക്ഡ് പെർഫോമൻസ് ആണ് പ്രേക്ഷകന് ലഭിക്കുന്നത്. ‘റോഷാക്ക്’ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങൾക്കു കിട്ടിയ മികച്ച പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ ആണ്.
കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Signature-ad

തന്റെ നാലാം ചിത്രത്തിലും ബാനറിന്‍റെ വിശ്വാസ്യത കാത്തിരിക്കുന്നു മമ്മൂട്ടി കമ്പനി. കഴിഞ്ഞ നാല് പതിറ്റാണ്ടിലെ കരിയറില്‍ മമ്മൂട്ടി അവതരിപ്പിച്ച്‌ ആരാധകര്‍ കൊണ്ടാടിയ നിരവധി പൊലീസ് കഥാപാത്രങ്ങളുണ്ട്. ഈ വര്‍ഷത്തെ റിലീസുകളില്‍ മമ്മൂട്ടിയുടേതായെത്തുന്ന രണ്ടാമത്തെ പൊലീസ് വേഷവുമാണ് ഇത്. എന്തുകൊണ്ട് വീണ്ടുമൊരു പൊലീസ് വേഷമെന്നതിനുള്ള അദ്ദേഹത്തിന്‍റെ ഉത്തരമാണ് കണ്ണൂര്‍ സ്ക്വാഡ്.

അധികാര കേന്ദ്രങ്ങളോട് ഭയമില്ലാത്ത, നെടുങ്കന്‍ പഞ്ച് ഡയലോഗുകളില്‍ തിയറ്ററുകളില്‍ കൈയടി ഉയര്‍ത്തിയവരാണ് മമ്മൂട്ടിയുടെ ആദ്യകാല പൊലീസ് കഥാപാത്രങ്ങളെങ്കില്‍ സ്വഭാവത്തില്‍ സൗമ്യനാണ് എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിന്‍. എസ്‍.പിയുടെ അഭിപ്രായത്തില്‍ ക്ലോക്ക് നോക്കി ജോലി ചെയ്യാത്ത ചെറിയൊരു ശതമാനം പൊലീസുകാരില്‍ ഒരാള്‍. ജനശ്രദ്ധ നേടുന്ന ചില പ്രമാദമായ കേസുകള്‍ അന്വേഷിക്കാന്‍ കാസര്‍ഗോഡ് എസ്‍.പി രൂപീകരിച്ച പൊലീസ് സംഘത്തിലെ പ്രധാനിയാണ് ജോര്‍ജ് മാര്‍ട്ടിന്‍. ഒരിക്കല്‍ ജോര്‍ജിനും സംഘത്തിനും മുന്നില്‍ ഒരു കേസ് എത്തുന്നു. ഒരു രാഷ്ട്രീയ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന കേസ് ആണത്. പ്രതികളെ പിടിക്കാനായി ജോര്‍ജും സംഘാംഗങ്ങളായ മറ്റ് മൂന്ന് യുവ പൊലീസുകാരും ചേര്‍ന്ന് നടത്തുന്ന അന്വേഷണമാണ് കണ്ണൂര്‍ സ്ക്വാഡ്. ഒരു സൂപ്പര്‍താരം നായകനായതിനാല്‍
ഏത് മിഷനും എളുപ്പം സാധിക്കുമെന്ന തോന്നല്‍ ചിത്രത്തിന്‍റെ തുടക്കത്തിലേ സംവിധായകനും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് ഉടച്ചുകളയുന്നുണ്ട്.

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ, 2 മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലെ പൊലീസുകാരൊന്നും അമാനുഷികരല്ല. എന്നാല്‍ അവര്‍ക്ക് മുന്നില്‍ എത്തുന്നത് ദുര്‍ഘടമായ ഒരു കേസും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി റോഡ് മാര്‍ഗം കാസര്‍ഗോഡ് നിന്ന് ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ജോര്‍ജും സംഘവും നടത്തുന്ന ഒരു യാത്രയുണ്ട്. ആ യാത്ര തന്നെയാണ് ചിത്രത്തിന്‍റെ കാതലും. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിനൊപ്പം ഒരു റോഡ് മൂവിയുമാണ് കണ്ണൂര്‍ സ്ക്വാഡ്.
മമ്മൂട്ടിയുടെ താരപരിവേഷത്തേക്കാള്‍ അദ്ദേഹത്തിലെ നടനെ ഉപയോഗപ്പെടുത്തിയുള്ളതാണ് ജോര്‍ജ് മാര്‍ട്ടിന്‍റെ പാത്രാവിഷ്കാരം.

  “മമ്മൂട്ടിയുടെ എല്ലാ പോലീസ് സ്റ്റോറികളും കാണാൻ തന്നെ ഒരു ഹരമാണ്. മമ്മൂട്ടിയുടെ ഓരോ പോലീസ് കഥകളിലും എന്നും ഒരു വ്യത്യസ്തത ഉണ്ടാകും. പതിവ് തെറ്റിക്കാതെ കണ്ണൂർ സ്ക്വാഡിലും അത് നമുക്ക് കാണാനാകും. അയത്ന ലളിതമായ അഭിനയ ശൈലിയിലൂടെ എ.എസ്.ഐ ജോർജിനെ മമ്മൂട്ടി അനശ്വരമാക്കി. ഇടിവെട്ട് പോലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിൽ വളരെ പക്വമായ ഒരു പോലീസ് കഥാപാത്രമായി മുന്നോട്ടുപോകുന്ന മമ്മൂട്ടിയുടെ എ എസ് ഐ ജോർജ് ഇടവേളക്കുശേഷം തകർത്താടുകയാണ്. മമ്മൂട്ടിയ്ക്കൊപ്പം കൂടെയുള്ള പോലീസ് ടീമും അടിപൊളിയാണ്. കേരള പോലീസിന് അഭിമാനം പകരുന്ന ഒരു ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടിയുടെ മികച്ച 5 പോലീസ് കഥാപാത്രങ്ങളിൽ തീർച്ചയായും എ എസ് ഐ ജോർജും ഉണ്ടാകും.”

ചലച്ചിത്രാസ്വാദകനായ ജയൻ മൺറോ വിലയിരുത്തുന്നു.

ഇതിനിടെ ‘തീരന്‍ അധികാരം ഒണ്ട്ര്’ എന്ന ചിത്രവുമായി ‘കണ്ണൂര്‍ സ്‌ക്വാഡി’ന്‌ സാദൃശ്യം ഉണ്ട് എന്നൊരു പരാതി ഉയർന്നു വന്നു.
‘തിരക്കഥ എഴുതുമ്പോള്‍ തന്നെ തീരന്‍ അധികാരം ഒണ്ട്ര് എന്ന ചിത്രവുമായി താരതമ്യം നടത്തിയിരുന്നു എന്നാല്‍ കണ്ണൂര്‍ സ്‌ക്വാഡ് അതില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ്.’ സംവിധായകന്‍ റോബി വര്‍ഗീസ് പറയുന്നു.
യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് കണ്ണൂര്‍ സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിന് വേണ്ടി ചില കൂട്ടിച്ചേരലുകള്‍ നടത്തിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നത്. മമ്മൂക്ക തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും റോബി പറഞ്ഞു. അതേസമയം തീരന്‍ അധികാരം ഒണ്ട്ര് എന്ന ചിത്രവുമായി കണ്ണൂ സ്‌ക്വാഡ് എന്ന ചിത്രത്തിന് ബന്ധമില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

പി.ആർ.ഒ: പ്രതീഷ് ശേഖർ.

Back to top button
error: