കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിൻറെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞടുത്ത് കഴിക്കാം.
അത്തരത്തിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആൻറിഓക്സിഡൻറുകൾ, ധാതുക്കൾ, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനർജി ബൂസ്റ്റർ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേൻ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ തേൻ ചുമ, തൊണ്ടവേദന തുടങ്ങിയവയിൽ നിന്നും ആശ്വാസം നേടാനും ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്…
ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇഞ്ചിയിലെ ജിഞ്ചറോൾ ആണ് ഇതിന് സഹായിക്കുന്നത്.
മൂന്ന്…
മഞ്ഞളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ‘കുർകുമിൻ’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് അനേകം രോഗാവസ്ഥകളിൽ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞൾ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.
നാല്…
നെല്ലിക്കയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അഞ്ച്…
പൈനാപ്പിൾ ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബ്രോംലൈൻ’ എന്ന ഒരു എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ശ്വാസകോശത്തിൻറെ ആരോഗ്യത്തിന് സഹായിക്കുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.