MovieNEWS

‘മാര്‍ക്ക് ആന്റണി’യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് ലക്ഷങ്ങള്‍ കോഴ; അഴിമതി ആരോപണവുമായി വിശാല്‍

ചെന്നൈ: പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കൈക്കൂലി നല്‍കേണ്ടി വന്നുവെന്ന് നടന്‍ വിശാല്‍. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയും പണം നല്‍കിയെന്ന് താരം ആരോപിച്ചു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാലിന്റെ അഴിമതി ആരോപണം.

സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കിയെന്ന് നടന്‍ പറഞ്ഞു. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിട്ടുണ്ട്.

Signature-ad

മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാ?ഗ് ചെയ്തുകൊണ്ടാണ് വിശാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാല്‍ പങ്കുവെച്ചു.

‘വെള്ളിത്തിരയില്‍ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍, യഥാര്‍ഥ ജീവിതത്തില്‍ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അതിലും മോശമായത് സിബിഎഫ്‌സി മുംബൈ ഓഫീസില്‍ സംഭവിച്ചു. എന്റെ ചിത്രം മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നല്‍കേണ്ടി വന്നു. 2 ഇടപാടുകള്‍ നടത്തി. സ്‌ക്രീനിങിന് മൂന്ന് ലക്ഷവും സര്‍ട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നല്‍കി. എന്റെ കരിയറില്‍ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- വിശാല്‍ കുറിച്ചു.

ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത മാര്‍ക്ക് ആന്റണി ടൈം ട്രാവല്‍ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവന്‍, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Back to top button
error: