ഇംഫാല്‍: ഇംഫാലില്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം. ആകാശത്തേക്കു വെടിയുതിര്‍ത്തു പോലീസ് ആക്രമണശ്രമം തടഞ്ഞു. ഹെയിന്‍ഗാങിലെ ബിരേന്‍ സിങ്ങിന്റെ സ്വകാര്യ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കാരെ തടഞ്ഞു.
സ്വകാര്യവസതിക്കു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേന്‍ സിങ് താമസിക്കുന്നത്.
രണ്ടു സംഘങ്ങളായാണു ആള്‍ക്കൂട്ടം മുഖ്യമന്ത്രിയുടെ വീടിനുനേരെ എത്തിയതെന്നു പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുത കര്‍മ സേന നിരവധി തവണ കണ്ണീര് വാതകം പ്രയോഗിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥര്‍ വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു സമീപത്തായി നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.