NEWSWorld

നിജ്ജറിന്‍റെ കൊലപാതകം: കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക

ദില്ലി: ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവർത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവർത്തിക്കുന്നത്. അതേസമയം, വിഷയത്തൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയിൽ ഖാലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. കാനഡ വിഷയം കത്തി നിൽക്കുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കർ ആൻറണി ബ്ലിങ്കൻ കൂടിക്കാഴ്ച നടക്കുന്നത്. യുഎൻ ജനറൽ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചർച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആൻറണി ബ്ലിങ്കൻ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണ്ണായകമാണ്.

കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലർ, കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാൽ ഒരു തെളിവും കൈമാറാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായാൽ ഈ നിലപാട് വിദേശകാര്യമന്ത്രി ആവർത്തിച്ചേക്കും. ഇതിനിടെ, ഹർദീപ് സുിംഗ് നിജ്ജർ കാനഡയിലെ ഇൻറലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയിരുന്നുവെന്ന മകൻ ബൽരാജ് സിംഗ് നിജ്ജറിൻറെ വെളിപ്പെടുത്തലിനോട് സർക്കാർ ഇനിയും പ്രതികരിച്ചിട്ടില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കാണുമായിരുന്നുവെന്ന വെളിപ്പെടുത്തൽ ഏറ്റെടുത്ത പ്രതിപക്ഷം സർക്കാരും തീവ്രവാദികളുമായുള്ള ബന്ധം കൂടുതൽ വെളിവായെന്ന് ആരോപിച്ചു.

അതേസമയം ഖലിസ്ഥാൻ തീവ്രവാദത്തിനെതിരെ നടപടി കടുപ്പിക്കുന്നതിനിടെ ദില്ലിയിൽ ഖലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് കേന്ദ്ര സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. സർക്കാരിനെ വെല്ലുവിളിച്ചുള്ളതെന്ന് സൂചനയുള്ള ചുവരെഴുത്തുകൾ കശ്മീരി ഗേറ്റ് ഫ്ലൈ ഓവറിലാണ് കണ്ടത്. മായ്ച്ചു കളഞ്ഞ ദില്ലി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി 20 ഉച്ചകോടി നടക്കുന്നതിനിടെ ദില്ലിയിലെ മെട്രോസ്റ്റേഷനുകളിലും ഖലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Back to top button
error: