കൊച്ചി:ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തനലാഭം കരസ്ഥമാക്കി കേരളത്തിൻ്റെ അഭിമാനമായി നിൽക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വികസന പ്രവർത്തനങ്ങൾ.
ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ 7 മെഗാ പദ്ധതികളാണ് കൊച്ചി വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുന്നത്.
അതിലൊന്നാണ് രാജ്യാന്തര ടെർമിനലിൻ്റെ വികസനം. നിലവിലെ രാജ്യാന്തര ടെർമിനലിന്റെ വടക്കുഭാഗത്തായി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ നിർമ്മിക്കുന്നതിനൊപ്പം 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനലിൻ്റെ വികസനവും സാധ്യമാക്കുകയാണ്. ഇതോടെ കൊച്ചിയിലെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും.
വിയറ്റ്നാമിലേക്കുൾപ്പെടെ പുതിയ ഫ്ലൈറ്റുകൾ കടന്നുവരികയും കൊച്ചിയിലേക്കുള്ള ബിസിനസ് ജറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാവുകയും ചെയ്യുന്നതിനാൽ വലിയ ട്രാഫിക്കാണ് അധികൃതർ ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ഇത് സഞ്ചാരികളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിനും കൊച്ചി വിമാനത്താവളത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനുമായാണ് ഇപ്പോഴത്തെ വികസനം.
15ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ,
5ലക്ഷം ചതുരശ്ര അടിയിൽ ടെർമിനൽ വിപുലീകരണം
8 പുതിയ എയ്റോബ്രിഡ്ജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനം.