കാസർകോട്ട് ബദിയടുക്ക പള്ളത്തടുക്കയിൽ ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. സ്ത്രീകൾ നാലു പേരും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. പുത്തൂരിലെ മരണവീട്ടിലേക്ക് പോവുകയായിരുന്നു സ്ത്രീകൾ.
തായലങ്ങാടി സ്വദേശിയും മൊഗ്രാൽ പുത്തൂരിലെ ഓട്ടോ ഡ്രൈവറുമായ എ.എച്ച് അബ്ദു റൗഫ് (58), മൊഗ്രാറിലെ ഉസ്മാന്റെ ഭാര്യ ബീത്തിമ (50), മൊഗ്രാൽ പുത്തൂർ ദിഡുപ്പയിലെ ശൈഖ് അലിയുടെ ഭാര്യ ബീന്തിമ (60), ദിഡുപ്പ കടവത്തെ ഇസ്മായിലിന്റെ ഭാര്യ ഉമ്മു ഹലീമ (50), ബെള്ളൂർ മൊഗറിലെ അബ്ബാസിന്റെ ഭാര്യ നഫീസ (55) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം. മാന്യ ഗ്ലോബൽ പബ്ലിക്ക് സ്കൂളിന്റെ ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ പെർളയിൽ ഇറക്കി തിരികെ വരുകയായിരുന്ന ബസ് പുത്തൂരിലെ മരണവീട്ടിലേക്ക് സ്ത്രീകളെയും കൊണ്ടു പോവുകയായിരുന്ന ഓട്ടോയുമായി ഇടിക്കുകയായിരുന്നു.
നാലു പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒരാൾ കാസർകോട് ജനറൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പുത്തൂർ നെക്രയിലെ ബന്ധുവായ അബ്ദുറഹിമാന്റെ മരണവിവരമറിഞ്ഞ് പോകവേയാണ് ദുരന്തം. മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.