ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോർട്ടിനാണ്. ആഗോളതലത്തിൽ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോർട്ടിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാൽ സിനിമയിലെ നായകന് മറ്റൊരു റെക്കോർഡ് സ്വന്തമാകും.
ആഗോളതലത്തിൽ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബിൽ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ 1000 കോടി ചിത്രങ്ങൾ രണ്ടെണ്ണം എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബിൽ കടന്നിരുന്നു.
ഇന്ത്യയിൽ നിന്ന് 1000 കോടി ചിത്രങ്ങളിൽ ദംഗൽ, ബാഹുലി 2, ആർആർആർ എന്നിവയും ഉൾപ്പെടും. ആമിർ ഖാന്റെ ദംഗൽ 2000 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ദംഗൽ ആഗോളതലത്തിൽ ആകെ 2,024 കോടി നേടിയപ്പോൾ എസ് എസ് രാജമൗലിയുടെയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ ബാഹുബലി 2 നേടിയത് 1810 കോടിയും രാം ചരണും ജൂനിയർ എൻടിആറും നായകൻമാരായ ആർആർആർ നേടിയത് 1250 കോടിയുമാണ്. പ്രശാന്ത് നീൽ യാഷിനെ നായകനാക്കി സംവിധാനം ചെയ്‍ത് ഹിറ്റായ കെജിഎഫ് 2 നേടിയത് 1250 കോടിയുമാണ്.
തമിഴകത്തിന്റെ ഹിറ്റ്‍മേക്കർ അറ്റ്‍ലിയുടെ ഹിന്ദി ചിത്രം വിസ്‍മയിപ്പിക്കുന്ന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാന്റെ നായികാ വേഷത്തിൽ ചിത്രത്തിൽ നയൻതാരയാണ് എത്തിയത്. മികച്ച പ്രകടനമായിരുന്നു ജവാനിൽ നയൻതാരയുടേതും. വിജയ് സേതുപതിയാണ് ജവാനിൽ വില്ലൻ.