ദില്ലി: രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ബംഗ്ലാദേശിലേക്ക് കടത്തുന്ന രാജ്യാന്തര ശൃംഖലയിൽ ഉൾപ്പെട്ട പ്രതികളെ ദില്ലി പോലീസ് പിടികൂടി. അകിൽ അഹമ്മദ്, നവാബ് ഷെരീഫ്, പശ്ചിമ ബംഗാൾ സ്വദേശി സാബിർ സർദാർ എന്നിവരെയാണ് ദില്ലി പോലീസിലെ ലഹരിവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ബാഗുനിറച്ചും വിലകൂടിയ സ്മാർട്ട് ഫോണുകളുമായി ആദ്യം മോഷ്ടാക്കളായ അകിൽ അഹമ്മദ്, നവാബ് ഷെരീഫ് എന്നിവരാണ് ദില്ലിയിൽ വെച്ച് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ദില്ലിയിൽ മൊബൈൽ ഫോൺ സർവീസ് സെൻറർ നടത്തികൊണ്ടാണ് പ്രതികളിലൊരാളായ അകിൽ അഹമ്മദ് മോഷണം നടത്തിയിരുന്നത്. അറസ്റ്റിലായവരിൽനിന്ന് 112 പ്രീമിയം സ്മാർട്ട് ഫോണുകളും പോലീസ് പിടിച്ചെടുത്തു. ദില്ലി എൻ.സി.ആർ മേഖലയിൽനിന്ന് ജനങ്ങളിൽനിന്ന് തട്ടിപറിക്കുകയോ മോഷ്ടിക്കുകയോ ചെയ്ത ഫോണുകളാണിവയെന്നും പോലീസ് പറഞ്ഞു. പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്തതിൽനിന്നാണ് പശ്ചിമബംഗാളിൽനിന്ന് സാബിർ സർദാർ എന്നയാളെകൂടി പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ മോഷണത്തിലും അവയുടെ വിൽപനയിലും സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള തിരച്ചിലും പോലീസ് ആരംഭിച്ചിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പശ്ചിമ ബംഗാളിലേക്ക് എത്തിച്ചശേഷമാണ് അവിടെന്ന് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്.
ഇതുവരെയായി നിരവധി മൊബൈൽ ഫോണുകൾ അടങ്ങിയ 160ലധികം പാർസലുകളാണ് പശ്ചിമ ബംഗാൾ വഴി ബംഗ്ലാദേശിലേക്ക് അയച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇതുവരെ 2,240 സ്മാർട്ട് ഫോണുകളാണ് ഇവർ സ്വകാര്യ കൊറിയർ സർവീസിലൂടെ പശ്ചിമ ബംഗാളിൽനിന്ന് ബംഗ്ലാദേശിലേക്ക് അയച്ചതെന്ന് പോലീസ് പറഞ്ഞു. ആകെ അഞ്ചുകോടിയലധികം വരുന്ന ഫോണുകളാണ് ഇത്തരത്തിൽ രാജ്യത്തുനിന്നും കടത്തിയത്. മൊബൈൽ ഫോൺ മോഷണത്തിലെ രാജ്യാന്തര ശൃംഖലയിലെ കണ്ണികളാണ് പിടിയിലായതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.