KeralaNEWS

വന്ദേഭാരതിനായി അടിമുടി മാറാൻ കാസർകോട് റെയിൽവേ സ്റ്റേഷൻ; 5.54 കോടിയുടെ വികസനം

കാസർകോട്: മുഖം മാറാനൊരുങ്ങി കാസർകോട് റെയിൽവെ സ്റ്റേഷൻ.അമൃത് ഭാരത് റയിൽവെ സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ് വികസനം.5.54 കോടിയുടെ വികസനമാണ് നടക്കുന്നത്.2024- ൽ പൂർത്തിയാക്കും.
റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലാണ് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ വരുന്ന മാറ്റങ്ങൾ.
192 കാറുകൾക്കും 744 ഇരുചക്രവാഹനങ്ങൾക്കും സ്റ്റേഷന്റെ മുൻവശത്ത് തെക്കു ഭാഗത്തായി പാർക്കിങ് സൗകര്യമൊരുക്കും. 71 പ്രീപെയ്ഡ് ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ ക്രമീകരണമുണ്ടാകും. പ്രീമിയം പാർക്കിങ് മേഖല സ്റ്റേഷനു മുന്നിൽ തന്നെയുണ്ടാകും. ഇവിടെ 29 കാറുകളും 10 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. ഒന്നാം റെയിൽവേ പ്ലാറ്റ്ഫോമിലെ ഷെൽട്ടർ വടക്കു ഭാഗത്തേക്കു വ്യാപിപ്പിക്കും. രണ്ടാം പ്ലാറ്റ്ഫോമിലെ ഷെൽട്ടർ 2 വശത്തേക്കും നീട്ടും. ഒന്നാം പ്ലാറ്റ്ഫോം വടക്കു ഭാഗത്തേക്ക് നീളം വർധിപ്പിക്കും.
സ്റ്റേഷന്റെ വടക്കു ഭാഗത്ത് ഒന്നാം പ്ലാറ്റ്ഫോമിനു പിന്നിലുള്ള സ്ഥലം പാർക്കിങ്ങിനുള്ള അധികസ്ഥലമായി വികസിപ്പിക്കും. സ്റ്റേഷന്റെ പോർച്ചിനു മുന്നിലൂടെ പുറത്തക്കു കടക്കാൻ 3.5 മീറ്റർ വീതിയുള്ള 3 വരിപ്പാത വികസിപ്പിക്കും. പ്രവേശിക്കുന്ന ഭാഗം 15 മീറ്റർ വീതിയിൽ വികസിപ്പിക്കും. വിശ്രമമുറികൾ,കഫ്റ്റേരിയകൾ ഉൾപ്പെടെ പുതിയ പ്ലാനിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ കാസർകോട് റെയിൽവേ സ്‌റ്റേഷൻ പരിസരം ആധുനികവൽകരിക്കാൻ കാസർകോട് വികസന പാക്കേജിൽ സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു. പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് അനുമതി നൽകിയത്‌.
പൊതുമരാമത്ത് നിരത്ത്‌ വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്‌. റെയിൽവേ സ്‌റ്റേഷൻ മുതൽ തായലങ്ങാടി വരെയുളള ഭാഗമാണ് നവീകരിക്കുക.  റെയിൽവെ സ്‌റ്റേഷന് മുന്നിൽ  ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും പാതയോരത്ത് യാത്രകാർക്ക്‌ വിശ്രമിക്കാനായി പാർക്കും നിർമിക്കും. ബാക്കിയുള്ള സ്ഥലത്ത് പൂന്തോട്ടം അടക്കമുളള പാർക്കിങ് സൗകര്യം ഉണ്ടാക്കും. റോഡിന് ഇരുവശമുള്ള മരങ്ങൾ സംരക്ഷിച്ച് ഇന്റർലോക്ക് ചെയ്‌ത്‌ പാർക്കിങ് സൗകര്യവുമൊരുക്കും.
റോഡിന് ഇരുവശവും ടൈൽസ് വിരിച്ച നടപ്പാത, ഓവുചാൽ, കൈവരികൾ  എന്നിവയും സ്ഥാപിക്കും. ആധുനിക തെരുവുവിളക്ക്, സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ഡിസ്‌പ്ലേ എന്നിവയും നിർമിക്കും.

Back to top button
error: