KeralaNEWS

റിസൾട്ടിനു ശേഷം ലോട്ടറി വിജയികളുടെ പേര് വിവരങ്ങൾ പുറത്തുവിടുന്നതെന്തിന് ?

റിസൾട്ടിനു ശേഷം ലോട്ടറി വിജയികളെ തേടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ?
മ്പർ പോലുള്ള ലോട്ടറികളുടെ നറുക്കെടുപ്പിന് ശേഷം വിജയികളെ തേടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്.വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഏകപക്ഷീയമായി കൈകടത്തുന്ന മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ ഒരേസ്വരത്തിൽ പറയുന്നു.
വ്യക്തിയുടെ വികാരവിചാരങ്ങള്‍, സ്വപ്‌നങ്ങള്‍ അവന്റെ വ്യവഹാരങ്ങൾ എന്നിവ നിര്‍ബന്ധമായും സ്വകാര്യതയ്ക്കുള്ള അവകാശത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊന്നും കണക്കിലെടുക്കാതെ വിജയിയെ എത്രയും പെട്ടന്ന് പുറംലോകത്തിന് പരിചയപ്പെടുത്താനായി മാധ്യമങ്ങൾ കാട്ടുന്ന അമിതമായ വ്യഗ്രത വ്യക്തിയുടെ സ്വകാര്യത എന്ന  അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
തന്നെയുമല്ല, ലോട്ടറി പോലുള്ള വലിയ തുകകൾ സമ്മാനമായി അടിക്കുന്നവർ അത് സ്വന്തക്കാരിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ എന്നും മറച്ചു വയ്ക്കാൻ താൽപ്പര്യപ്പെടുന്നവരാണ്.കാരണം കടം ചോദിക്കലും സഹായാഭ്യർത്ഥനയും പിരിവുമൊക്കെയായി തങ്ങൾ താമസിയാതെ കുത്തുപാളയെടുക്കുമെന്ന തിരിച്ചറിവ് അവർക്കുണ്ട്.പാവപ്പെട്ടവനും പാർട്ടിക്കാരും സമുദായ സംഘടനകളും അളിയനും പെങ്ങളും അയൽപക്കക്കാരനും വരെ ഇതിൽ ഉൾപ്പെടും.
 കൊടുത്തില്ലെങ്കിൽ പിണക്കവും കൊടുത്താലൊട്ട് തിരിച്ചും കിട്ടുകയില്ല.ലോട്ടറിയെടുത്ത് മുടിഞ്ഞവരെയൊന്നും,അതിനി സ്വന്തം കുടുംബത്തിലുള്ളവരാണെങ്കിൽക്കൂടി  ഇവരാരും തിരിഞ്ഞുനോക്കുകപോലുമില്ല.
അതിലുപരിയാണ് മറ്റു ശല്യങ്ങൾ.തിരുവള്ളൂരിലെ ഷിബിൻ ഇതിനൊരു ഉദാഹരണം മാത്രം.കഴിഞ്ഞ വിഷു ബമ്പർ തിരുവള്ളൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ ശരിക്കും പൊല്ലാപ്പിലായ ആളാണ് തിരുവള്ളൂരിൽ വ്യാപാരികൂടിയായ ഷിബിൻ.
ഷിബിനാണ് വിഷു ബംബർ ലോട്ടറി അടിച്ചതെന്ന പ്രചാരണം നാട്ടിൽ കാട്ടുതീ പോലെ പരന്നതാണ്  അദ്ദേഹത്തെ ശരിക്കും ബുദ്ധിമുട്ടിലാക്കിയത്. നിരന്തരമായി ഷിബിൻ്റെ ഫോണിലേക്ക് കോളുകൾ വന്നുകൊണ്ടിരുന്നു.പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. മാധ്യമങ്ങളിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നടക്കം നിരവധി കോളുകളാണ് വന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞ് തളർന്നതായി ഷിബിൻ പറയുന്നു.
തിരുവള്ളൂരിൽ പച്ചക്കറി കച്ചവടവും സർവീസ് സെന്ററും നടത്തുകയായിരുന്നു ഷിബിൻ. സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ലോട്ടറി അടിച്ചെന്ന തരത്തിൻ നടത്തിയ പരാമർശമാണ് ഇത്തരത്തിൽ ഒരു അവസ്ഥയിൽ ഷിബിനെ എത്തിച്ചത്.രണ്ടു ദിവസത്തിനു ശേഷം യഥാർത്ഥത്തിൽ ബമ്പർ അടിച്ച ആളെ കണ്ടെത്തിയതോടെയാണ് ഷിബിന്റെ പൊല്ലാപ്പ് അവസാനിച്ചത്.എന്നിട്ടും തീർന്നില്ല.പിന്നീട് പരിഹാസമായിരുന്നു എല്ലാവർക്കുമെന്നായിരുന്നു ഷിബിൻ പറയുന്നത്.
 രണ്ടു വർഷം മുൻപ് ഓണം ബംബർ നറുക്കെടുപ്പിനു ശേഷവും സമാന പ്രശ്നമാണ് ഉണ്ടായത്. ദുബായിൽ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശിയായ സെയ്തലവിക്കാണ് ഫസ്റ്റ് പ്രൈസെന്നും പറഞ്ഞായിരുന്നു മാധ്യമങ്ങളുടെ ആഘോഷം.ഒടുവിൽ കൊച്ചി മരട് സ്വദേശിയായ ജയപാലനായിരുന്നു ഒന്നാം സമ്മാനം എന്നറിഞ്ഞതോടെ സെയ്തലവിയെ വിട്ട് മാധ്യമങ്ങൾ ജയപാലന്റെ വീട്ടിലേക്ക് കുതിച്ചു.അദ്ദേഹത്തെ “ഏറ്റവും ആദ്യം” തങ്ങളുടെ മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയ സന്തോഷത്തിൽ എല്ലാവരും രാത്രി വൈകി ഉറങ്ങാൻ പോയതോടെ സത്യത്തിൽ ഉറക്കം പോയത് ജയപാലനും കുടുംബത്തിനുമായിരുന്നു.!
കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശി അനൂപായിരുന്നു ഇര.ഒടുവിൽ വീട് പൂട്ടി അയാൾക്ക് ഒളിവിൽ വരെ പോകേണ്ടി വന്നു !!
വ്യക്തികളുടെ സ്വകാര്യതയക്കുമേലുള്ള മാധ്യമങ്ങളുടെ ഇത്തരം കടന്നാക്രമണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ പൊതുവേയുള്ള ആവശ്യം.വിവരാവകാശ നിയമം വഴിയും ചില ബാങ്ക് മാനേജർമാർ വഴിയും ലോട്ടറി ഓഫീസുകൾ വഴിയും ഇത്തരം വിവരങ്ങൾ ചോരുന്നുണ്ട്.ഇതും നിയന്ത്രിക്കണം.വർഷങ്ങളായി ലോട്ടറി എടുത്തു കൈപൊള്ളി ഒരിക്കൽ സമ്മാനം അടിച്ചാൽ പിന്നെ സമൂഹത്തിൽ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാകരുത് മനുഷ്യന്.മാധ്യമങ്ങൾ ഇക്കാര്യത്തിൽ ഏറെ നിയന്ത്രണങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു.വ്യക്തി സ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് സാമൂഹിക ധാര്‍മിക നിയമങ്ങളും.ഇത് മനസ്സിലാക്കി വേണം മാധ്യമങ്ങൾ സമൂഹത്തിൽ ഇടപെടാൻ.

Back to top button
error: