അരകുമലയുടെ താഴ്വാരത്തിന് ഏകാന്തതയുടെ അഭൗമമായ സൗന്ദര്യമുണ്ട്.ഇടയ്ക്കിടെ കാട്ടിൽ നിന്നും ഉയരുന്ന വെടിയൊച്ചകൾ ഒഴിച്ചാൽ ആദിമപ്രകൃതിയുടെ ഗിരിരൂപങ്ങൾക്ക് നടുവിൽ ആ ഗ്രാമം എന്നും നിശബ്ദമായിരുന്നു.ഛത്തീസ്ഗഡിന് റെ തെക്കേയറ്റത്ത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 550 മീറ്റർ ഉയരത്തിലുള്ള പ്രദേശം, അതാണ് ബസ്തർ.
അരകുമലയുടെ, മേഘങ്ങളോട് കിന്നാരം പറയുന്ന പൂർവ ഘട്ട മലനിരകളുടെ ശാന്തസുന്ദരമായ ഒരു അടിവാര ഗ്രാമമാണ് ബസ്തർ.തലസ്ഥാനമായ റായ്പൂരിൽ നിന്നും 285 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.ബസ്തർ, സുക്മ, കങ്കേർ, ദന്തേവാഡ ജില്ലകൾ ചേർന്ന ബസ്തർ ഡിവിഷനിലെ എല്ലാ പ്രദേശങ്ങളും പ്രകൃതിവിഭവങ്ങളാൽ അതിസമ്പന്നമാണ്.ഇതിൽ ഏറ്റവും മനോഹരം ബസ്തർ ജില്ലയാണ്.
ബസ്തർ ജില്ലയുടെ വലിപ്പം തന്നെ കേരളത്തിന്റെ അത്ര വരും. എങ്ങും തിങ്ങി നിൽക്കുന്ന സാലവൃക്ഷക്കാടുകൾ. രാമായണത്തിൽ പറയുന്ന ദണ്ഡകാരണ്യം ഇതു തന്നെയാണെന്നാണ് വിശ്വാസം. ദണ്ഡകാരണ്യത്തിൽ നിന്നു പേരു വന്ന മാ ദന്തേശ്വരി ക്ഷേത്രങ്ങൾ ഇവിടെ എല്ലായിടത്തും കാണാം.
പ്രകൃതിയുടെ സ്വാഭാവിക എടുപ്പിന് കോട്ടം തട്ടാതെ, കാളകൾ ഉഴുത് മറിച്ചിട്ട നിലങ്ങളിൽ കന്നിക്കൊയ്ത്തിനു കതിരിറക്കാൻ മത്സരിച്ച് പൊന്തുന്ന നെൽച്ചെടികൾ. 80-കളിലെ കേരളത്തിന്റെ തനിപ്പകർപ്പ് എന്ന തോന്നലാണ്, ബസ്തറിലേയ്ക്കുള്ള നിരത്തുകളിലൂടെ സഞ്ചരിക്കുമ്പോൾ യാത്രികർക്കുണ്ടാവുക.
പണിയെടുക്കുന്ന മുറിയ പെണ്ണുങ്ങളുടെ കടും നിറത്തിലുള്ള വസ്ത്രങ്ങൾ കാറ്റുലയ്ക്കുന്ന പാടപ്പരപ്പിൽ ഉദിച്ച് നിൽക്കും. മണ്ണിൽ അരിവാളിന്റെ മൂർച്ചയോടെ അവർ തറഞ്ഞ് നിന്ന് പണിയെടുക്കുന്നു. ഒരു രാജ്യത്തിന്റെ ഉദരം നിറയ്ക്കാൻ ഒറ്റച്ചേലത്തണലിൽ നിന്ന് ഉരുകിയൊലിക്കുന്നു. ഛത്തീസ്ഗഡ് അറിയപ്പെടുന്നതു തന്നെ ഇന്ത്യയുടെ അരിക്കിണ്ണം എന്നാണല്ലോ.
പർവതനിരത്തുകളിലൂടെ അനേകം ഹെയർ പിൻ ബെൻഡുകളിലൂടെ കടന്നാണ് ബസ്തറിലേയ്ക്ക് പ്രവേശിക്കുന്നത്. നരവംശശാസ്ത്രത്തിന്റെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കാവുന്ന ഇടം. ദ്രാവിഡജനത ഉരുവം കൊണ്ടത് തന്നെ ഇവിടെയാണെന്ന് പറയപ്പെടുന്നു.ഏഷ്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന
ചിത്രകൂട് വെള്ളച്ചാട്ടവും ഇവിടെയാണ്.ഛത്തീസ്ഗാര്ഹലെ ബസ്തർ ജില്ലയിലെ ജഗദൽപൂരിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഇന്ദ്രാവതി നദിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. 30 മീറ്ററോളം ഉയരത്തിൽ 985 അടി വീതിയുള്ളതാണ് ഈ വെള്ളച്ചാട്ടം.
മറ്റൊരു സവിശേഷത കൂടിയുണ്ട് ബസ്തറിന്. ഈ ഗ്രാമത്തിൽ നിന്ന് ഇന്നുവരെ ഒരു സെക്സ് ക്രൈം പരാതിപോലും പൊലീസിന് കിട്ടിയിട്ടില്ല എന്നതാണ് അത്.ഒരു സെക്സ് ക്രൈം പോലുമില്ലാതെ ബസ്തർ ലൈംഗികസ്വാതന്ത്ര്യത്തിന്റെ ഇന്ത്യയുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്.മാറുമറയ്ക്കാതെ കഴിയുന്ന സ്ത്രീ പുരുഷന്മാർ, തങ്ങളുടെ ഗോത്ര നൃത്തങ്ങൾ നടക്കുന്നതിനിടെ പരസ്പരം ലൈംഗികമായിപ്പോലും കളിയാക്കും. അവർക്കിടയിൽ ലൈംഗികമായ അപകർഷതയ്ക്ക് സ്ഥാനമില്ല. ഒരു പരിധിയിൽ കവിഞ്ഞ് അവർ സ്വന്തം ലൈംഗികതയെപ്പറ്റി ബോധവാന്മാർ പോലുമല്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള പരാതികൾ ഉയരാറുമില്ല.വിവാഹം കഴിയുന്നതിനു മുമ്പ് നിർബാധം ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. ഇവർ, ഈ വിവാഹപൂർവ രതിയെ കണക്കാക്കുന്നതുതന്നെ, വിവാഹ ശേഷം ലൈംഗികമായ സംതൃപ്തികുറവ് ഉണ്ടാവില്ല എന്നുറപ്പിക്കാനുള്ള ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ്. പല ഇണകളോടൊത്തുള്ള സെക്‌സും ഇവർക്കിടയിൽ വെറും സ്വാഭാവികത മാത്രമാണ്.
വിവാഹം കഴിയുന്നതുവരെ യുവതികൾ കന്യകാത്വം കാത്തു സൂക്ഷിക്കണം എന്നുള്ള ഒരു നിർബന്ധവും ഇവർക്കിടയിലില്ല. വിവാഹം കഴിഞ്ഞാലും, മറ്റൊരാളെ ഇഷ്ടമായാൽ വിശേഷിച്ച് ഒരു അസ്വാഭാവികതയും കൂടാതെ ഇവിടുത്തെ ഗോത്രത്തിലെ യുവതീയുവാക്കൾക്ക് തങ്ങളുടെ ആകർഷണത്തെ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്.
ദന്തെവാഡ എന്നും ജഗദൽപുർ എന്നും ബസ്തർ എന്നുമൊക്കെ കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ചിത്രങ്ങൾ തോക്കുധാരികളായ നക്സലൈറ്റുകളുടെയും കുഴിബോംബ് സ്ഫോടനങ്ങളുടെയുമൊക്കെയാവാം. എന്നാൽ ഈ സങ്കല്പത്തെ തച്ചുടയ്ക്കുന്നതാണ് അവിടുത്തെ കാഴ്ചകൾ. ബസ്തർ ജില്ലയുടെ ഭരണതലസ്ഥാനമാണ് ജഗദൽപുർ. പ്രകൃതിവിഭവങ്ങളാലും വന്യജീവിസമ്പത്തിനാലും അനുഗൃഹീതമായ സ്ഥലം. നിബിഢവനങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയാലും സമ്പന്നം. ജില്ലാതലസ്ഥാനത്തിന് നമ്മൾ പ്രതീക്ഷിക്കുന്ന വലുപ്പവും സൗകര്യങ്ങളുമൊന്നും ജഗദൽപുരിനില്ല.എങ്കിലും സാമാന്യം വൃത്തിയോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ള, തനതുശൈലിയിൽ പണികഴിപ്പിച്ചിട്ടുള്ള ലളിതമായ വ്യാപാരസമുച്ചയങ്ങളും സർക്കാർകെട്ടിടങ്ങളും വഴിയോരക്കച്ചവടക്കാരുമെല്ലാം ചേർന്ന് ശാന്തവും മനോഹരവുമായ ഒരു ചെറു പട്ടണം, അതാണ് ജഗദൽപുർ.
ഗ്രാമങ്ങൾ സുന്ദരവും നിശബ്ദവുമാണെങ്കിലും ഇവിടുത്തെ വനമേഖലയില്‍ മാവോയിസ്റ്റ്/നക്‌സലൈറ്റ് സ്വാധീനം വളരെ കൂടുതലാണ്. 2010ൽ നക്‌സലൈറ്റുകള്‍ നടത്തിയ ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്‍മാര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.ഇരുമ്പയിരി നാൽ സമ്പന്നമാണ് ഈ പ്രദേശങ്ങൾ.ഭിലായി സ്റ്റീൽ പ്ലാന്റ് ഇവിടെ അടുത്തു തന്നെ.ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ജഗദൽപൂരും ഏറ്റവും അടുത്ത വിമാനത്താവളം റായ്പൂരുമാണ്.