കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ തീക്കോയി, തലനാട് അടക്കം ശക്തമായ മഴയാണ് തുടരുന്നത്.തീക്കോയി വില്ലേജില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
വെള്ളാനിയിൽ റബ്ബർ മെഷീൻപുര അടക്കം ഒഴുകിപ്പോയി. റോഡില്‍ മുഴുവനും കല്ലും മണ്ണും നിറഞ്ഞ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. നിലവില്‍ വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റയീട്ടി എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന കാഴ്ചയാണ് കാണുന്നത്.
ജില്ലയിലെ കിഴക്കൻ മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് കളക്ടർ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.