ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീശാക്തീകരണത്തിന് കരുത്ത് പകരുന്ന വനിതാ സംവരണ ബില്ലിന് രാജ്യസഭയുടെ അംഗീകാരം. എതിരില്ലാതെ 215 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ അംഗീകരിക്കപ്പെട്ടത്. പ്രത്യേക സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം ലോക്‌സഭയിലും ബില്‍ പാസായിരുന്നു. അസാദുദ്ദിന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.
ലോക്‌സഭയില്‍ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ നിര്‍ണായക ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 128ാം ഭേദഗതി ബില്ലാണിത്. ഇതോടെ ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തും.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസായതില്‍ 140 കോടി ഇന്ത്യാക്കാര്‍ക്കും ആശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിര്‍ണായകമായ നിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു. നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയര്‍ത്തിയ അനേകായിരം സ്ത്രീകള്‍ക്കുള്ള ആദരവാണിത്. രാഷ്ട്രം അവരുടെ ത്യാഗത്താലും സംഭാവനകളാലും സമ്പനമാണെന്നും അദ്ദേഹം കുറിച്ചു.
ബില്‍ പാസായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. ബില്‍ രാജ്യസഭ പാസാക്കിയതോടെ സമത്വഭരണത്തിന്റെ പാതയില്‍ രാജ്യം ഇന്ന് മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വഴിയും തെളിയുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ബില്‍ പാസായതിന് പിന്നാലെ ചില ചര്‍ച്ചകളും വനിതാ സംവരണ ബില്ലിനെ ചുറ്റിപ്പറ്റിയുണ്ടായി. അതേസമയം, നിലവിലുള്ള 33 ശതമാനത്തില്‍ സംവരണത്തില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു സഭകളും പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പു വച്ചെങ്കില്‍ മാത്രമാണ് അത് ഒരു നിയമമായി മാറുകയുള്ളു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടന ഭേദഗതി ബില്‍ പകുതിയോളം നിയമസഭകളിലും പ്രമേയം പാസാക്കി അംഗീകരിക്കേണ്ടതുണ്ട്. പിന്നീട്, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യുകയും വേണം. വനിതാ സംവരണത്തിലെ ഭേദഗതി നിയമം ആയാലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ബാധകമാകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളു. 2026ഓടെ ഇത് പ്രാബല്യത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ സെന്‍സസ് നടപ്പിലാക്കാനുള്ള നീക്കങ്ങളും സജ്ജീവമാക്കുമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവില്‍ പട്ടികവിഭാഗത്തിനായുള്ള മൂന്നിലൊന്ന് സീറ്റുകളില്‍ ആ വിഭാഗത്തിലെ തന്നെ സ്ത്രീകള്‍ക്കായി മാറ്റി വയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഭേദഗതി നടപ്പിലാക്കി 15 വര്‍ഷത്തേക്കാണ് സംവരണം നടപ്പാക്കുക. അതേസമയം, കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.