20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര് പനിബാധിച്ച് ചികിത്സ തേടിയെന്നാണ് കണക്ക്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 141 പേരാണ് ഇന്ന് മാത്രം ചികിത്സ തേടിയത്.
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുക. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ 7 ദിവസങ്ങള്‍ക്ക് ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തും. ഒരിക്കല്‍ രോഗാണുവാഹകരായി മാറുന്ന കൊതുകുകള്‍ തുടര്‍ന്നുള്ള കാലമത്രയും മറ്റുള്ളവരിലേക്ക് രോഗം പരത്തും.എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.
കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.സിക്ക വൈറസ്, ചിക്കുൻഗുനിയ പോലുള്ള പനികള്‍ പകരുന്നതിനും പ്രധാന കാരണം ഈഡിസ് കൊതുകുകള്‍ തന്നെയാണ്. കൊതുകുകളെ പൂർണ്ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടുള്ള ശുചിത്വ ശീലങ്ങൾ കൈകൊണ്ടാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയുന്നതാണ്.
സർക്കാർ തലത്തിലോ പ്രാദേശിക തലത്തിലോ കൈകൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക് നശികരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷൻ സൗകര്യങ്ങൾ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണണം.
കൊതുകുകളുടെ നിർമാർജനത്തിനുള്ള ഏറ്റവും ഉചിതമായ മാർഗമായ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രെ, വീടിനും ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാധ്യയുള്ള ടയറുകൾ, കുപ്പികൾ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്താണ് ഉറവിട നശീകരണം സാധ്യമാക്കേണ്ടത്.