തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതിന്റെ സമയക്രമം പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 3:05നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുക. തിരികെയുള്ള സര്‍വീസ് വൈകീട്ട് 4:05ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രാത്രി 11:55നാണ് കാസര്‍കോട് ട്രെയിന്‍ തിരിച്ചെത്തുക. ആദ്യ വന്ദേ ഭാരതിന് സമാനമായി ആഴ്ചയില്‍ ആറ് ദിവസം തന്നെയാണ് ഈ ട്രെയിനിന്റെയും സര്‍വീസ്.
ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരതിന്റെ സര്‍വീസ്. ആദ്യ വന്ദേ ഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട് നിന്ന് പുറപ്പെടുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാകും സ്റ്റോപ്പ്.
തിരുവനന്തപുരം സെന്‍ട്രലില്‍ പ്ലാറ്റ്‌ഫോം ലഭ്യമല്ലെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളിവരെ മാത്രമാകും രണ്ടാമത്തെ വന്ദേ ഭാരതിന്റെ സര്‍വീസ്. സെപ്റ്റംബര്‍ 24 ഞായറാഴ്ച മുതല്‍ കാസര്‍കോട് നിന്നും വന്ദേ ഭാരത് സര്‍വീസ് തുടങ്ങാനാണ് സാധ്യത. 573 കിലോമീറ്ററാണ് രണ്ടാം വന്ദേ ഭാരത് സര്‍വീസിന്റെ ആകെ ദൂരം. ശരാശരി വേഗത മണിക്കൂറില്‍ 72 കിലോമീറ്ററാണ്.
ദക്ഷിണ റെയില്‍വേയ്ക്ക് കാസര്‍കോട് – തിരുവനന്തപുരം വന്ദേ ഭാരത് ഉള്‍പ്പെടെ മൂന്ന് വന്ദേ ഭാരതുകളാണ് പുതുതായി പ്രഖ്യാപിച്ചത്. ചെന്നൈ- വിജയവാഡ, ചെന്നൈ- എഗ്മൂര്‍ തിരുനെല്‍വേലി എന്നിവയാണ് മറ്റു ട്രെയിനുകള്‍. പുതുതായി സര്‍വീസ് ആരംഭിക്കുന്ന 9 വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉത്ഘാടനം ചെയ്യുന്നത് റെയില്‍വേയുടെ പരിഗണനയിലുണ്ട്.
നേരത്തെ മംഗളൂരുവില്‍ നിന്നാകും കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രെയിന്‍ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയേക്കുമെന്ന അഭ്യൂഹങ്ങളും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന്റെ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം – കാസര്‍കോട് വന്ദേ ഭാരത് രാജ്യത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതാണ്.