KeralaNEWS

മന്ത്രി രാധാകൃഷ്ണനെതിരെ നടന്ന ജാതിവിവേചനത്തെ ന്യായീകരിച്ച് ക്ഷേത്രം തന്ത്രി  പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട്, 6 മാസം മുന്‍പ് നടന്ന സംഭവം തന്നോട് ആരും പറഞ്ഞില്ല

കണ്ണൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടെന്ന തുറന്നു പറച്ചിലില്‍ പ്രതികരണവുമായി കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് രംഗത്തെത്തി. രണ്ടു കൂട്ടര്‍ക്കും വിഷമം ഉണ്ടായ സംഭവമാണ്. ഒരാളെ പഴി പറയാന്‍ പാടില്ല. ക്ഷേത്രം അവരുടെ ചിട്ടയില്‍ പോയി. മന്ത്രി ഉന്നത സ്ഥാനത്തു ഇരിക്കുന്ന ആളാണ്. ആറുമാസം മുന്‍പ് നടന്ന സംഭവം തന്നെ ആരും അറിയിച്ചിട്ടില്ല. വിളക്ക് കൈമാറരുതെന്നില്ല. ആ ക്ഷേത്രത്തിന് പ്രത്യേക ആചാരം ഉണ്ടോയെന്ന് അറിയില്ല. മേല്‍ശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല എന്നും ക്ഷേത്രം തന്ത്രി പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട്  വ്യക്തമാക്കി.

ക്ഷേത്രത്തിലെ പരിപാടിയില്‍ ദേവസ്വം മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തില്‍ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും  തന്ത്രി പറഞ്ഞു.

തന്ത്രിയെന്ന നിലയില്‍ ബന്ധപ്പെട്ടവര്‍ സമീപിച്ചാല്‍ മാത്രമെ വിഷയത്തില്‍ ഇടപെടൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് വിവേചനം നേരിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരോട് തന്ത്രിയുടെ വിശദീകരണം. ക്ഷേത്ര ചുറ്റുമതില്‍ ഉദ്ഘാടവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരി 26ന് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ജാതി വിവേചനം നേരിട്ടു എന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

മന്ത്രിക്ക് പൂജാരിമാര്‍ ഭദ്രദീപം നിലത്തുവെച്ച് നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. കോട്ടയത്ത് വേലന്‍സമുദായ സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കവെയാണ് കണ്ണൂര്‍ ജില്ലയില്‍ തനിക്ക് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തെ കുറിച്ചു മന്ത്രി തുറന്നുപറഞ്ഞത്. സംഭവത്തില്‍ എസ് സി- എസ് ടി കമീഷനും കേസെടുത്തിട്ടുണ്ട്. ദേവസ്വം മന്ത്രിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപത്തെ മുഖ്യമന്ത്രി പിണറായി വിജയനും അപലപിച്ചിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: