Life StyleNEWS

ഭാര്യയ്ക്ക് മസ്‌കുമായി ബന്ധം; ഗൂഗിള്‍ സഹസ്ഥാപകന്‍ വിവാഹ മോചിതനായി

ന്യൂയോര്‍ക്ക് : ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി തന്റെ ഭാര്യയ്ക്കു രഹസ്യ ബന്ധം ഉണ്ടെന്ന ആരോപണത്തിനു പിന്നാലെ, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ വിവാഹ മോചിതനായതായി റിപ്പോര്‍ട്ട്. ഭാര്യ നിക്കോള്‍ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഇക്കഴിഞ്ഞ മേയില്‍ ബ്രിന്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകയും സംരംഭകയുമായ നിക്കോള്‍ ഷനഹാനും ബ്രിന്നും 2018ലാണ് വിവാഹിതരായത്.

2021 ഡിസംബര്‍ മുതല്‍ ബ്രിന്നും നിക്കോളും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2022ലാണ് ബ്രിന്‍ വിവാഹ മോചനത്തിനുള്ള പെറ്റിഷന്‍ ഫയല്‍ ചെയ്തത്. ഇരുവര്‍ക്കും നാലു വയസ്സുള്ള ഒരു മകളുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഒന്‍പതാമത്തെ ധനികനാണ് 50കാരനായ സെര്‍ജി ബ്രിന്‍. 118 ബില്യന്‍ ഡോളറാണ് ആസ്തി.

ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ബ്രിന്‍, നേരത്തെ മസ്‌കുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. മസ്‌കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ആരോപണം നിഷേധിച്ച് മസ്‌ക് രംഗത്തെത്തി. മൂന്നു വര്‍ഷത്തിനിടെ നിക്കോളിനെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നും മസ്‌ക് പ്രതികരിച്ചിരുന്നു. മസ്‌കുമായി രഹസ്യ ബന്ധമില്ലെന്ന് നിക്കോളും വ്യക്തമാക്കിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: