ആലപ്പുഴയിൽ പത്രവിതരണക്കാരനായ വൃദ്ധന്റെ മരണം വാഹനാപകടത്തെ തുടർന്നാണെന്ന് കണ്ടെത്തൽ. ആലപ്പുഴ കൈതവന വാർഡ് സനാതനപുരം പാർവ്വതി മന്ദിരത്തിൽ ദത്തന്റെ(73) മരണമാണ് വാഹനാപകടത്തെ തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയത്.
വീട്ടുകാർ സ്വാഭാവിക മരണമെന്ന് കരുതി എൻ ഒ സി സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനിൽ എത്തിയതാണ് വഴിത്തിരിവായത്.
പത്രവിതരണത്തിനായി പോയ ദത്തനെ തമിഴ്നാട് എസ് ഇ ടി സി ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
പത്രമെടുക്കാൻ ആലപ്പുഴ ബസ് സ്റ്റാൻഡിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന ദത്തനെ പഴവങ്ങാടി പള്ളിക്ക് സമീപംവച്ച് ബസ് ഇടിച്ചു വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ദത്തൻ മരണപ്പെട്ടത്.
മൃതദേഹം വിട്ടുകിട്ടാൻ പോലീസിന്റെ അനുമതി വാങ്ങണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുക്കൾ സ്‌റ്റേഷനിൽ എത്തിയത്.
എന്നാൽ മൃതദേഹം പരിശോധിച്ച പോലീസ് ദേഹത്ത് കണ്ട പരിക്കുകളിൽ സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ പരിക്ക് സൈക്കിളിൽ നിന്ന് തനിയെ വീണതിനെ തുടർന്നല്ലെന്നും വാഹനം ഇടിച്ചതുമൂലമുണ്ടായ പരിക്കുകളാണെന്നും പോലീസ് സർജൻ ഡോ.ജംഷിദ് പറഞ്ഞതനുസരിച്ചാണ് കൂടുതൽ അന്വേഷണം നടത്തിയത്.
തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് എസ് ഇ ടി സി ബസ് ദത്തനെ ഇടിച്ച ശേഷം നിർത്താതെ പോയതാണെന്ന് വ്യക്തമായത്.
തുടർന്ന് ബസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൂത്തുക്കുടി ശങ്കരപ്പേരി ഏട്ടയാപുരം റോഡിൽ ടി എൻ എച്ച് ബി കോളനിയിൽ 4/86 ബാലസുബ്രമണ്യൻ(35) ആണ് പിടിയിലായത്.
ആലപ്പുഴ സൗത്ത് ഐ എസ് എച്ച് ഒ എസ്.അരുൺ, എസ് ഐമാരായ ഗിരീഷ്കുമാർ, ടി.സി ബൈജു,സീനിയർ സിവിൽ പോലീസ് ഓഫീസർ മാത്യു ജോസഫ്,വികാസ് ആന്റണി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.