ഇന്ത്യയെന്ന പേര് നെഞ്ചുറച്ച് പറയണമെന്ന് ഡൽഹി കേരള ക്ലബ്ബിലെ സാഹിതീ സഖ്യത്തിൽ സംസാരിക്കവെ കവി മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാള ഭാഷാ പഠന കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ച കേരള ക്ലബ്ബിൽ മലയാള ഭാഷാ സമ്പന്നതയെ കുറിച്ച് പറഞ്ഞും കവിത ചൊല്ലിയും മലയാളം മിഷൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കട ശ്രദ്ധേയമായി.
മലയാളം മിഷന്റെ പ്രവർത്തനം വഴി മലയാളി ഉള്ളിടത്തെല്ലാം മലയാളം പ്രചരിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും, അത് കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രവാസി മലയാളികളുടെ സംഘടനകൾ നൽകുന്ന പങ്ക് വലുതാണെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.
‘ജീവിത കാലത്തെ അടയാളപ്പെടുത്തുന്നതാണ് എന്റെ കവിതകൾ’ എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ കവിതകൾ പ്രവാസി മലയാളി കുട്ടികൾ പാടി. ചടങ്ങിൽ കേരള ക്ലബ്ബ് വൈസ് പ്രസിസന്റ് യു. രാധാകൃഷ്ണൻ, മലയാളം മീഷൻ ഭരണ സമിതി അംഗം കാർട്ടൂണിസ്റ്റ് സുധീർ നാഥ്, ഡോക്ടർ കെ.അനിൽകുമാർ , ദിനേശ് വാരിക്കോളി തുടങ്ങിയവർ സംസാരിച്ചു.
മുരുകൻ കാട്ടാക്കടയുടെ കവിതകളായ ‘ബാഗ്ദാദ്’ അർപ്പിത നായരും ‘പക’ ശ്രദ്ധ രൂപേഷും, ‘രേണുക’ വർഷ പി.വിയും ‘സൂര്യകാന്തി നോവ്’രുദ്ര എൽ രാജീവും സജി. പി രാജും അവതരിപ്പിച്ചു.
പ്രവാസി മലയാളികൾക്കിടയിൽ മലയാള ഭാഷ വളർത്തുന്നതിന് തുടക്കം കുറിച്ച വി.കെ. മാധവൻ കുട്ടി, ജോസഫ് ഇടമറുക്, ഡി. വിജയമോഹൻ, ഓംചേരി എൻ.എൻ പിള്ള തുടങ്ങിയവരെ ചടങ്ങിൽ അനുസ്മരിച്ചു. ഡൽഹിയിലെ കേരള ക്ലബ്ബിൽ നിന്ന് തുടങ്ങിയ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പ്രവർത്തന വിജയമാണ് മലയാളം മിഷന് തുടക്കം കുറിക്കാൻ കാരണമായത്.