IndiaNEWS

സ്ത്രീകൾ മാത്രം വീട്ടുജോലികൾ ചെയ്യണം എന്നത് പ്രാകൃത മാനസികാവസ്ഥ, ഭർത്താവും ഭാര്യയും വീട്ടുജോലിയുടെ ഭാരം തുല്യമായി വഹിക്കണം: ബോംബെ ഹൈക്കോടതി

  ആധുനിക സമൂഹത്തിൽ ഗാർഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം ഭാര്യാഭർത്താക്കന്മാർ തുല്യമായി വഹിക്കണമെന്ന് ബോംബെ ഹൈക്കോടതി. 35 കാരനായ ഒരു യുവാവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് നിതിൻ സാംബ്രെ, ജസ്റ്റിസ് ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 13 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ വേണ്ടിയാണ് യുവാവ് ഹർജി നൽകിയത്. വേർപിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ക്രൂരത തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

2018 മാർച്ചിൽ വിവാഹമോചനം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി തള്ളിയ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2010ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ അവളുടെ അമ്മയോട് എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും വീട്ടുജോലികൾ ചെയ്യാറില്ലെന്നും ഇയാൾ ഹർജിയിൽ വാദിച്ചു. എന്നാൽ, ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വീട്ടുജോലികളെല്ലാം ചെയ്യാൻ താൻ നിർബന്ധിതയായെന്നും തന്റെ വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് പീഡനം നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു. ഭർത്താവ് തന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചതായും അവർ പറഞ്ഞു.

വാദം കേട്ട ഹൈക്കോടതി, സ്ത്രീകളും പുരുഷന്മാരും ജോലി ചെയ്യുന്നവരാണെന്നും വീട്ടുജോലികളെല്ലാം ഭാര്യ മാത്രം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് പിന്തിരിപ്പൻ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ആധുനിക സമൂഹത്തിൽ ഗാർഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം ഭാര്യയും ഭർത്താവും ഒരുപോലെ വഹിക്കണം. സ്ത്രീകൾ മാത്രം വീട്ടുജോലികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രാകൃത മാനസികാവസ്ഥ മാറ്റത്തിന് വിധേയമാകേണ്ടതുണ്ടെന്നും ജഡ്ജുമാർ ചൂണ്ടിക്കാട്ടി.

വിവാഹ ബന്ധം വഴി ഭാര്യയെ മാതാപിതാക്കളിൽ നിന്ന് അകറ്റാൻ പാടില്ലെന്നും മാതാപിതാക്കളുമായുള്ള ബന്ധം വേർപെടുത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരാളുടെ മാതാപിതാക്കളുമായി സമ്പർക്കം പുലർത്തുന്നത് മറ്റൊരു കക്ഷിക്ക് മാനസിക വേദനയുണ്ടാക്കുന്നതായി ഒരു തരത്തിലും വ്യാഖ്യാനിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: