തൊടുപുഴ: ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തു. നിലവിൽ ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
എ വി അജികുമാർ നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകൾ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകൾ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ 74 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലെയും 2023 ഏപ്രിൽ മുതൽ ജൂൺ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്.
മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്‍കിയ വൗച്ചറുകളിലാണ് കൃത്രിമം നടന്നിരിയ്ക്കുന്നത് . പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളോ പ്രൊജക്ടുകളോ സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ടോ ഇല്ലാതെ എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ എസ്റ്റിമേറ്റ് ഇല്ലാതെയുമാണ് മിക്ക പണികളും ചെയ്തിരിക്കുന്നത്. നിയമാനുസൃതമുള്ള കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ല. കൂടാതെ ഒരു പദ്ധതിക്കും മേല്‍നോട്ടം ഉണ്ടായിരുന്നില്ല.
അപാകതകള്‍ സംബന്ധിച്ച പഞ്ചായത്ത് ജീവനക്കാരുടെ കുറിപ്പുകളും പഞ്ചായത്ത് സെക്രട്ടറി പരിഗണിച്ചിരുന്നില്ല. മണ്ണ്, മണല്‍ തുടങ്ങിയവ ലേലം ചെയ്ത തുക പഞ്ചായത്തിന്റെ അക്കൗണ്ടില്‍ ചേര്‍ത്തിട്ടില്ലെന്നും കണ്ടെത്തി. കമ്മറ്റി തീരുമാനവും ജിഎസ്ടി ബില്ലും ഇല്ലാതെ സ്വകാര്യ സ്ഥാപനത്തിന് 65,000 രൂപ നല്‍കിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്ത തൊഴിലാളികള്‍ക്ക് ഒരേ കയ്യക്ഷരത്തില്‍ തയാറാക്കിയ വൗച്ചറുകള്‍ക്ക് പണം നല്‍കിയത് ക്രമക്കേടാണെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തി. പഞ്ചായത്ത് വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലും ക്രമക്കേട് നടത്തിയിട്ടുണ്ട്.