കോയമ്പത്തൂർ, ബര്‍ളിയര്‍, കല്ലാര്‍, കുന്നൂര്‍, അറുവങ്കാട്, ഊട്ടി ഉള്‍പ്പടെയുള്ള പഴവിപണന കേന്ദ്രങ്ങളില്‍ റമ്പുട്ടാൻ വിൽപ്പനയെ ‘നിപ’ വാർത്ത സാരമായി ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ഇതോടെ റമ്പുട്ടാൻ കർഷകരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. വിൽപ്പന നടക്കുന്നില്ല.പഴങ്ങൾ ചീത്തയായി പോകുന്നതായി കച്ചവടക്കാരും തോട്ടം ഉടമകളും പറയുന്നു.മെയ് പകുതി മുതൽ ഒക്ടോബർ വരെയാണ് ഇവ വിളവെടുക്കാൻ പാകമാകുന്നത്.കച്ചവടം കുറഞ്ഞതോടെ വിളവെടുക്കാൻ പാകമായ റമ്പുട്ടാൻ മരങ്ങളിലെയെല്ലാം പഴങ്ങൾ കറുത്ത് കൊഴിഞ്ഞുവീണ് നശിക്കുകയാണ്.പല കച്ചവടക്കാരും വില പറഞ്ഞുറപ്പിച്ചതിനു ശേഷം അഡ്വാൻസ് തുക മാത്രം നൽകിയാണ് മടങ്ങാറ്.ബാക്കി തുക വിളവെടുപ്പ് സമയത്ത് നൽകുമെന്നാണ് കരാർ.
എന്നാൽ കച്ചവടം കുറഞ്ഞതോടെ കച്ചവടക്കാരും ഇത് ഉപേക്ഷിച്ച മട്ടാണ്.ഇതോടെ കേരളത്തിലെ പല റമ്പുട്ടാൻ കർഷകർക്കും ഈ സീസൺ കണ്ണീരിന്റേതാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം റമ്പുട്ടാനും നിപ്പയും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെന്നും രോഗബാധിതരായ വവ്വാലുകൾ, സ്പർശിക്കുകയോ, കഴിക്കുകയോ ചെയ്ത റമ്പുട്ടാൻ മാത്രമേ രോഗ വ്യാപനത്തിന് ഇടയാക്കുകയുള്ളെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.കേരളത്തിലെ ഏറിയ പങ്ക് തോട്ടങ്ങളിലും കായ പാകമാകുന്നതിന് മുൻപ് തന്നെ വലയിട്ടു മൂടുമെന്നതിനാൽ യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.സീസണിൽ തമിഴ്‌നാട്ടിൽ നിന്നടക്കം കച്ചവടക്കാരെത്തി വില പറഞ്ഞുറപ്പിച്ച് വലയിട്ട മരങ്ങളിലെ പഴങ്ങൾ വവ്വാലുകൾ ഭക്ഷിക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.