KeralaNEWS

അനന്തഭദ്ര’ത്തിലെ വെളിച്ചപ്പാട്,  വി. പരമേശ്വരൻ നായര്‍ അന്തരിച്ചു

ചെന്നൈ: സിനിമ- നാടകനടനും മുൻ സൈനികനുമായ വി. പരമേശ്വരൻ നായര്‍ (85) അന്തരിച്ചു.തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തൃശ്ശൂര്‍ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായര്‍ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിലാണ് താമസം.

മദിരാശി കേരളസമാജം ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും ഉപദേശകനാവുകയും ഒട്ടനവധി മലയാളിസംഘടനകളുടെ ബീജാവാപത്തിനു കാരണക്കാരനാവുകയും ചെയ്ത പരമേശ്വരൻ നായർ സിനിമ, സീരിയല്‍, നാടകം, പരസ്യചിത്രം എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു.

Signature-ad

സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോള്‍ മുൻനിരയിലുണ്ടായത് പരമേശ്വരൻ നായരായിരുന്നു. ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്കാരം,  ‘നഷ്ടവര്‍ണങ്ങള്‍’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.

തമിഴ്നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ടി.എം.എ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരില്‍ ഒരാളായ പരമേശ്വരൻനായര്‍ അവസാനംവരെ അതിന്റെ നേതൃത്വപ്രവര്‍ത്തകനായി തുടര്‍ന്നു. രാജലക്ഷ്മിയാണ് ഭാര്യ. മക്കള്‍: ധനഞ്ജയൻ, സംഘമിത്ര, ഐശ്വര്യ.

Back to top button
error: