IndiaNEWS

7ല്‍ 4 ഉം സ്വന്തമാക്കി; നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനവുമായി ഇന്‍ഡ്യ സഖ്യം

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലെ ഏഴ് സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയ്ക്ക് മികച്ച വിജയം.നാല് മണ്ഡലങ്ങളില്‍ ഇന്‍ഡ്യ സഖ്യം വിജയിച്ചപ്പോള്‍ ബിജെപി മൂന്നിടത്തായി ഒതുങ്ങി.

ത്രിപുരയിലെ ധന്‍പൂര്‍, ബോക്‌സാനഗര്‍, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ജാര്‍ഖണ്ഡിലെ ദുമ്രി, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുഗ്പുരി, ഉത്തര്‍പ്രദേശിലെ ഘോസി എന്നിവിടങ്ങളില്‍ പ്രതിപക്ഷ സഖ്യം വിജയിച്ചു.

യുപിയിലെ ഘോസി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി സുധാകര്‍ സിംഗ് ആണ് വിജയിച്ചത്. ബിജെപിയുടെ ദാരാ സിംഗ് ചൗഹാനെ 42,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകര്‍ സിംഗ് പരാജയപ്പെടുത്തിയത്.

ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (JMM) സ്ഥാനാര്‍ഥി ബേബി ദേവി വിജയിച്ചു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (AJSU) സ്ഥാനാര്‍ഥി യശോദാ ദേവിയെ 17153 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

പശ്ചിമ ബംഗാളില്‍, ധുപ്ഗുരി സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. തൃണമൂല്‍ സ്ഥാനാര്‍ത്ഥി നിര്‍മല്‍ ചന്ദ്ര റോയ് 4,000 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നിര്‍മല്‍ ചന്ദ്ര റോയ് 97,613 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ തപസി റോയിക്ക് 93,304 വോട്ടുകളാണ് ലഭിച്ചത്.

കേരളത്തിലെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ മുന്‍തൂക്കം നേടുകയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതുവരെ അത് നിലനിര്‍ത്തുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബിജെപിയുടെ പാര്‍വതി ദാസിനെക്കാള്‍ തുടക്കത്തില്‍ ലീഡ് നേടിയിരുന്ന കോണ്‍ഗ്രസിന്റെ ബസന്ത് കുമാര്‍ പിന്നീട് പിന്നിലായി. 2400-ലധികം വോട്ടുകള്‍ക്കാണ് പാര്‍വതി ബസന്ത് കുമാറിനെ പരാജയപ്പെടുത്തിയത്.

തൃപുരയിലെ ബോക്‌സാനഗര്‍ സീറ്റില്‍ ബിജെപിയുടെ തഫജ്ജല്‍ ഹുസൈന്‍ 30,237 വോട്ടുകള്‍ക്ക് സിപിഎമ്മില്‍ നിന്ന്  സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഹുസൈന് 34,146 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളിയായ സിപിഎമ്മിലെ മിസാന്‍ ഹുസൈന് 3,909 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ധന്‍പൂരില്‍ ബിജെപിയുടെ ബിന്ദു ദേബ്നാഥ് (30,017 വോട്ടുകള്‍) സിപിഎമ്മിന്റെ കൗശിക് ചന്ദയെ (11,146) 18,871 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: