ഇംഫാൽ: ജി 20 ഉച്ചകോടി ദില്ലിയില്‍ പുരോഗമിക്കേ കേന്ദ്രസര്‍ക്കാരിന് സമ്മര്‍ദ്ദമായി മണിപ്പൂരില്‍ വീണ്ടും കലാപം. തെഗ്നോപാല്‍ ജില്ലയിലെ പലേല്‍ മേഖലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ ചര്‍ച്ചയാകുകയും എന്നാല്‍ ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വം പ്രധാനമന്ത്രി ശ്രമിക്കുകയും ചെയ്യുന്ന മണിപ്പൂര്‍ കലാപം ജി 20 ഉച്ചകോടിക്കിടെ വീണ്ടും പുകയുന്നു.
ഇന്ത്യ മ്യാന്‍മാര്‍ അതിര്‍ത്തിയായ തെഗ്നോപാലിലെ പലേലില്‍ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനുള്ള സായുധ സംഘങ്ങളുടെ ശ്രമമാണ് കലാപം വീണ്ടും ആളിക്കത്തിക്കുന്നത്. മെയ്തെയ് വിഭാഗവും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഗ്രാമങ്ങളെ ആക്രമിക്കാന്‍ നടത്തിയ ശ്രമം അസം റൈഫിള്‍സും ബിഎസ്എഫും ചേര്‍ന്ന് തടഞ്ഞു. വെടിവെയ്പടക്കം മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചു. ചികിത്സയിലുണ്ടായിരുന്ന 37കാരന്‍ ഇന്ന് രാവിലെ മരിച്ചു. എണ്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്.
മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പത്തിലേറെ മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരവുമുണ്ട്. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചെങ്കിലും പലേല്‍ മേഖലയില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളടക്കം ഏറ്റുമുട്ടലില്‍ മുന്‍ നിരയിലുണ്ടെന്നാണ് വിവരം. ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയിലെ സൈനിക ചെക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം ജനക്കൂട്ടം ശ്രമിച്ചതും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. കലാപം വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തല്‍ക്കാലം മൗനം പാലിക്കുകയാണ്.