LocalNEWS

ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി

കുട്ടനാട്: ആലപ്പുഴ സിപിഎമ്മിൽ കൂട്ടത്തല്ല്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി. എഎസ് അജിത്, വി കെ കുഞ്ഞുമോൻ, എംഡി ഉദയ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവർക്കെതിരെയുള്ള നടപടിയുണ്ടായത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ഇവർ നടത്തിയതെന്നാണ് സിപിഎം നിലപാട്. അടുത്തിടെ ഇവർ സിപിഐയിൽ ചേർന്നിരുന്നു.

അതിനിടെ,പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്കെതിരെ കുട്ടനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഗ വഞ്ചകരെന്നും ഒറ്റുകാരെന്നുമാണ് പോസ്റ്ററുകളിലുള്ളത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിൽ 222 പേർ കഴിഞ്ഞയാഴ്ച സിപിഐയിൽ ചേർന്നിരുന്നു. അതേസമയം, ഇവർക്ക് അംഗത്വം നൽകിയത് സിപിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് തുടങ്ങിയതാണ് സിപിഎമ്മിന് കുട്ടനാട്ടിലെ തലവേദന. വിഭാഗീയത രൂക്ഷമായതോടെ ലോക്കല്‍ സമ്മേളനങ്ങളില്‍ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 375 പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിക്കത്ത് നല്‍കി. ഇതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് അനുനയ ചര്‍ച്ചകള്‍ നടത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് അവകാശപ്പെട്ട് മാസങ്ങള്‍ കഴിയുമ്പോഴാണ് സിപിഐയിലേക്കുള്ള കൊഴിഞ്ഞു പോക്ക് ഉണ്ടായത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളില്‍നിന്നാണ് സിപിഐയില്‍ ചേർന്നിട്ടുള്ളത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: