CrimeNEWS

കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവം: അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്

കോഴിക്കോട്:  കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ അന്തരാവയവങ്ങൾ രാസപരിശോധന നടത്തുമെന്ന് പൊലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് (2) ആണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. എന്നാൽ കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത്  പരുക്കേറ്റിട്ടില്ലെന്ന് മുക്കം സി ഐ സുമിത്ത് കുമാർ പറഞ്ഞു.

പൂർണ്ണമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി ശ്വാസകോശ വാൽവിന് പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നെന്നാണ് ബന്ധുക്കൾ പോലീസിനെ അറിയിച്ചിരിക്കുന്നത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മാതാവ് കുട്ടിയെ ഉറക്കിയ ശേഷം കുളിമുറിയിലേക്ക്  പോയ സമയത്തായിരുന്നു സംഭവം.

കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് ജിന്‍സി  പൊലീസിനെ അറിയിച്ചത്.. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം.

തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ മരണ കാരണം വ്യക്തമാകൂയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയെങ്കിലും ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പൊലീസ് അറിയിച്ചത്. കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്ന മുറയ്ക്ക് വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: