IndiaNEWS

ഭാരതമെന്ന പേരിനോട് വിയോജിപ്പില്ല, എന്നാല്‍ ബിജെപി അതിന് നല്‍കുന്ന പ്രാധാന്യത്തിനു പിന്നിൽ ദുരുദ്ദേശം: കെസി വേണുഗോപാല്‍

തിരുവനന്തപുരം: ഭാരതമെന്ന പേരിനോട് ആര്‍ക്കും വിയോജിപ്പില്ലെന്നും എന്നാല്‍ ബിജെപി അതിന് നല്‍കുന്ന പ്രാധാന്യത്തിനു പിന്നിലെ ദുരുദ്ദേശം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് കെസി വേണുഗോപാല്‍. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ഇന്ത്യയുടെ ആത്മാവ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാരക്കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റത്തിരഞ്ഞെടുപ്പ്, ഭാരതം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

കെസി വേണുഗോപാലിന്റെ കുറിപ്പ്: ഭരണഘടന വരെ പൊളിച്ചെഴുതാന്‍ ആഗ്രഹിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നതു യാഥാര്‍ഥ്യമാണ്. ഈ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിച്ച് ഇന്ത്യയുടെ ആത്മാവ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. ഇതോടെ ജനങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ ഒളിച്ചോടുന്ന മോദിക്ക് ഇന്ത്യയെന്ന പേരിനോടു മമത കുറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാരക്കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റത്തിരഞ്ഞെടുപ്പ്, ഭാരതം എന്നീ വിഷയങ്ങള്‍ പൊടുന്നനെ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഭാരതമെന്ന പേരിനോട് ആര്‍ക്കും വിയോജിപ്പില്ല. പക്ഷെ, ബി.ജെ.പി അതിനു നല്‍കുന്ന പ്രാധാന്യത്തിനു പിന്നിലെ ദുരുദ്ദേശം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു.

ജനാധിപത്യത്തിന്റെ സൗന്ദര്യമായ വൈവിധ്യത്തെ തകര്‍ക്കാനാണ് നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിലൂടെ ഭരണകൂടം ന്യൂനപക്ഷ വിരുദ്ധ വികാരം വളര്‍ത്തുകയാണ്. വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി തന്ത്രം. രാജ്യത്തെ ജനങ്ങളുടെ സമാധാനം തകര്‍ന്നാലും വോട്ടുമതിയെന്ന ചിന്തയാണ് അവര്‍ക്ക്. മണിപ്പൂരില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി ഭരണകൂടം ഇപ്പോഴും തയ്യാറാകുന്നില്ല. ആ കലാപത്തില്‍ സംസ്ഥാന  സര്‍ക്കാര്‍ പ്രതിസ്ഥാനത്താണ്. കലാപകാരികളെ നിയന്ത്രിക്കാന്‍ കേസെടുക്കാത്ത ഭരണകൂടം വസ്തുനിഷ്ഠമായി അവിടുത്തെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ്. മറ്റു വിഷയങ്ങളില്‍ വാചാലനാകുന്ന പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനിബാവയെപ്പോലെ നടിക്കുകയാണ്.

ഒപ്പം മതപരിവര്‍ത്തനം ആരോപിച്ച് ബി.ജെ.പി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടുകയാണ്. അതേസമയം മറുവശത്ത് ബി.ജെ.പിയുടെ വിഭജന തന്ത്രത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നയിക്കുകയാണ്. ബി.ജെ.പി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ  മതപരിവര്‍ത്തനം നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചവറ്റുകുട്ടയിലിട്ടു. തീര്‍ന്നില്ല. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒളിച്ചോടിയ മോദിയെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസം വേണ്ടി വന്നു. ഇങ്ങനെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയിരിക്കുന്നു. ബി.ജെ.പിയുടെ കോട്ടയായ യു.പിയിലും അതു പ്രകടമായി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തില്‍ നിന്നും പുറത്താക്കും. ഓരോ ഇടങ്ങളിലും ഇന്ത്യയുടെ ആത്മാവ് നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന മനുഷ്യര്‍ ഒന്നിച്ചുചേരുന്നതു കാണാന്‍ തന്നെ മനോഹാരിതയുള്ള കാര്യമാണ്. അത്തരമൊരു കൂട്ടായ്മയായിരുന്നു കാസര്‍ഗോഡ് വെച്ചു നടന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തപ്പോള്‍ രാഷ്ട്രീയത്തിനതീതമായി കണ്ട ജനക്കൂട്ടവും ഏറെ ആഹ്ലാദം നല്‍കുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: