KeralaNEWS

സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യം, നേരിട്ട് ഹാജരാകണം; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി,സപ്ലൈക്കോ എം ഡി ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കർഷകർക്ക് ഒരാഴ്ചയ്ക്കം പണം നൽകണമെന്ന് ഓഗസ്റ്റ് 24 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി പി എ സദാശിവൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജി വരുന്ന 25 ന് വീണ്ടും പരിഗണിക്കും.തുക നൽകാത്തതിൽ ഇതേ വിഷയത്തിൽ മറ്റൊരു ബെഞ്ചും അതൃപ്തി രേഖപ്പെടുത്തി. സംഭരണ തുക കിട്ടാത്തതിനെതിരെ ഒരു കൂട്ടം കർഷകർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ അതൃപ്തി അറിയിച്ചത്. പണം നൽതാൻ നടപടി തുടങ്ങുമെന്നും വരുന്ന 11 ആം തിയതി ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

2022-23 കാലത്ത് കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയില്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്കെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയില്‍ നിന്നും പി.ആര്‍.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അതേസമയം നെല്ല് സംഭരണ വില കൃത്യവും സമഗ്രവുമായ കണക്ക് കേരളം നൽകാതെ നെല്ല് സംഭരണത്തിലെ കുടിശ്ശിക നൽകില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. കൃത്യമായി നൽകിയ കണക്കനുസരിച്ചുള്ള തുക ഇതിനകം അനുവദിച്ചിട്ടുണ്ടെന്നാണ് വിശദീകരണം. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തോട് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: