
മുംബൈ: എയര്‍ഹോസ്റ്റസ് ട്രെയിനി രൂപല്‍ ഒഗ്രേയെ (24) കൊലപ്പെടുത്തിയ കേസിലെ പ്രതി വിക്രം അത്വല്‍ (40) ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍. വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ അന്ധേരി പോലീസ് ലോക്കപ്പില്‍ തൂങ്ങിമരിച്ചതായി കണ്ടത്.
ധരിച്ചിരുന്ന പാന്റുപയോഗിച്ച് കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. റിമാന്‍ഡ് കാലാവധിതീര്‍ന്ന ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു.
ഛത്തീസ്ഗഡ് സ്വദേശിയായ രൂപല്‍ ഒഗ്രേ കഴിഞ്ഞയാഴ്ചയാണ് അന്ധേരിയിലെ ഫ്ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ടത്. ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായ വിക്രം യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഉപദ്രവിക്കാനുള്ളശ്രമത്തെ യുവതി ചെറുത്തതോടെ കുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
എയര്‍ ഇന്ത്യയില്‍ രൂപല്‍ എയര്‍ഹോസ്റ്റസായി പരിശീലനം നേടിക്കൊണ്ടിരിക്കുകയായിരുന്നു. സംഭവത്തിന് കുറച്ചുദിവസംമുമ്പ് വിക്രമിനെ രൂപല്‍ ശകാരിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രതി യുവതിയുടെ ഫ്ളാറ്റിലെത്തുകയായിരുന്നു.