IndiaNEWS

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി

ദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോ​ഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺ​ഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ നേരത്തെതന്നെ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോൺഗ്രസിനുള്ളതെന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാ‍ർട്ടി ഉയ‍ർത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം.

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നായിരുന്നു ശിവസേന ഉദ്ദവ് വിഭാഗം അഭിപ്രായപ്പെട്ടത്. രാജ്യത്തിൻറെ അടിസ്ഥാനം സനാതന ധർമ്മവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി കൂട്ടിച്ചേർത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: