IndiaNEWS

ഒരു ബിസ്കറ്റിന് ഒരു ലക്ഷം രൂപ! ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാന്‍ വിധി

രു ബിസ്കറ്റിന് ഒരു ലക്ഷം രൂപ! ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ? എന്നാൽ സംഗതി സത്യമാണ്. രണ്ട് വർഷം മുൻപാണ് ഈ അപൂർവ സംഭവം നടന്നത്. സൺഫീസ്റ്റ് മേരി ലൈറ്റ് ബിസ്‌ക്കറ്റ് പാക്കറ്റിലെ പിഴവിൻറെ പേരിൽ ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപ നൽകേണ്ടി വന്നത് ഐടിസി ലിമിറ്റഡിനാണ്. 2021 ഡിസംബറിലാണ് ചെന്നൈയിലെ എംഎംഡിഎ മാത്തൂരിൽ നിന്നുള്ള പി ഡില്ലിബാബു എന്നയാൾ മണാലിയിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് രണ്ട് ബിസ്‌ക്കറ്റ് പാക്കറ്റുകൾ വാങ്ങിയത്. അലഞ്ഞ് തിരിയുന്ന നായകൾക്ക് ഭക്ഷണം കൊടുക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഡില്ലിബാബു ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വാങ്ങിയത്. പക്ഷേ, ബിസ്ക്കറ്റ് തുറന്ന് നോക്കിയപ്പോൾ ഒരു പാക്കറ്റിൽ കമ്പനി പരസ്യം ചെയ്തതിനേക്കാൾ ഒരു ബിസ്ക്കറ്റ് കുറവായിരുന്നു. ഒരു പാക്കറ്റിൽ പതിനാറ് ബിസ്കറ്റുകൾ ഉണ്ടെന്നായിരുന്നു കമ്പനിയുടെ പരസ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡില്ലിബാബു വാങ്ങിയ പാക്കറ്റിൽ 15 ബിസ്ക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

തുടർന്ന് അദ്ദേഹം ബിസ്ക്കറ്റ് വാങ്ങിയ ലോക്കൽ സ്റ്റോറിൽ നിന്നും ഐടിസിയിൽ നിന്നും വിശദീകരണം തേടാൻ ശ്രമിച്ചെങ്കിലും തൃപ്തികരമല്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചത്. നിരാശനായ അദ്ദേഹം ഒരു ഉപഭോക്തൃ കോടതിയിൽ പരാതി നൽകി, ഓരോ ബിസ്കറ്റിനും 75 പൈസയാണ് വില. കമ്പനി പ്രതിദിനം 50 ലക്ഷം പാക്കറ്റുകൾ നിർമ്മിക്കുന്നതിനാൽ, ഐടിസി പൊതുജനങ്ങളെ വഞ്ചിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം തൻറെ പരാതിയിൽ ആരോപിച്ചു. ഇത്തരത്തിൽ വഞ്ചിച്ചാൽ കമ്പനിക്ക് പ്രതിദിനം 29 ലക്ഷം രൂപ അധിക ലാഭം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ഉൽപ്പന്നം വിൽക്കുന്നത് അതിൻറെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ലെന്നും മറിച്ച് ഭാരത്തെ അടിസ്ഥാനമാക്കിയാണെന്നും ഐടിസി കമ്പനി കോടതിയിൽ വാദിച്ചു. പരസ്യം ചെയ്ത ഉൽപ്പന്നത്തിൻറെ മൊത്തം ഭാരം 76 ഗ്രാം ആണെന്ന് അവർ അവകാശപ്പെട്ടു. പക്ഷേ, പരിശോധനയിൽ 74 ഗ്രാം മാത്രമാണ് കമ്മീഷൻ കണ്ടെത്തിയത്. തുടർന്ന് 2011 ലെ ലീഗൽ മെട്രോളജി നിയമങ്ങൾ പരാമർശിച്ച് കൊണ്ട് മുൻകൂട്ടി പാക്കേജ് ചെയ്ത ചരക്കുകൾക്ക് പരമാവധി 4.5 ഗ്രാം വരെ അനുവദനീയമായ പിശക് ആകാമെന്ന് കമ്പനി കോടതിയിൽ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളി. ഈ നിയമം ‘അസ്ഥിരമായ’ സ്വഭാവമുള്ള ഇനങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്നും കോടതി പ്രസ്താവിച്ചു. ഇതിനെ തുടർന്ന് ആഗസ്റ്റ് 29 ന്, ഐടിസി ‘അന്യായമായ വ്യാപാര സമ്പ്രദായങ്ങളിൽ’ ഏർപ്പെട്ടതായി കോടതി വിധിച്ചു. കൂടാതെ ആ പ്രത്യേക ബാച്ച് ബിസ്‌ക്കറ്റുകളുടെ വിൽപ്പന നിർത്താനും ഉത്തരവിട്ടു. ഒപ്പം കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടം പരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: