ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി അടിസ്ഥാന അവകാശമായി മാറ്റാന്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്ന ‘വൈദ്യുതി ഉപഭോക്തൃ അവകാശങ്ങള്‍’ സംബന്ധിച്ച നിയമത്തിലെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു.
പുതിയ ചട്ട പ്രകാരം 24 മണിക്കൂറും വൈദ്യുതി ലഭ്യമാവുക എന്നത് ഒരോ ഉപഭോക്താവിന്റെയും അവകാശമാണ്. വിതരണ കമ്പനി മനപ്പൂര്‍വ്വം ലോഡ് ഷെഡിങ് നടപ്പിലാക്കുകയാണെങ്കില്‍ ആ വിതരണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം അവകാശപ്പെടാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നാണ് നിയമം വ്യക്തമാക്കുന്നത്.
വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും വിച്ഛേദിക്കുന്നതിനു, ഷിഫ്റ്റ്, റീ കണക്ഷന്‍, കണ്‍സ്യൂമര്‍ കാറ്റഗറി മാറ്റല്‍ തുടങ്ങിയ അപേക്ഷകളില്‍ എടുക്കാവുന്ന പരാമവധി സമയം സംബന്ധിച്ചുള്ള കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സേവനങ്ങള്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായാലും വിതരണ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടിവരും.
2020ലെ ഇലക്ട്രിസിറ്റി (ഉപഭോക്താക്കളുടെ അവകാശങ്ങള്‍) ചട്ടം അനുസരിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനി എല്ലാ ഉപയോക്താക്കള്‍ക്കും 24ത7 എന്ന നിലയില്‍തന്നെ വൈദ്യുതി നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി കരട് നിയമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
നേരത്തെ ഊര്‍ജ്ജമന്ത്രാലയം കരട് നിയമം പുറത്തിറക്കിയ വേളയില്‍ ഉപഭോക്താക്കള്‍ വൈദ്യുതി മേഖലയിലെ പ്രധാനപ്പെട്ട പങ്കാളികളാണെന്നും അവര്‍ കാരണമാണ് ഈ മേഖല നിലനില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു വൈദ്യുതി വിതരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് നിര്‍ദേശം നല്‍കിയിരുന്നത്. ‘എല്ലാ പൗരന്മാര്‍ക്കും വൈദ്യുതി ലഭ്യമാക്കിയതിനാല്‍, ഉപഭോക്തൃ സംതൃപ്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇപ്പോള്‍ പ്രധാനമാണ്. ഇതിനായി, പ്രധാന സേവനങ്ങള്‍ തിരിച്ചറിയുകയും ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് മിനിമം സേവന നിലവാരങ്ങളും മാനദണ്ഡങ്ങളും നിര്‍ദ്ദേശിക്കുകയും അവ ഉപഭോക്താക്കളുടെ അവകാശങ്ങളായി അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.’ എന്നായിരുന്നു മന്ത്രാലയം പറഞ്ഞിരുന്നത്.
മതിയായ വൈദ്യുതി വിതരണ ക്രമീകരണങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വിതരണ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും മുന്‍കൂട്ടി കാണാന്‍ കഴിയാത്ത സാഹചര്യങ്ങളോ സാങ്കേതിക തകരാറുകളോ ഒഴികെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടാലും പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
നിലവില്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്ന പലസംസ്ഥാനങ്ങളെയും ബാധിക്കുന്ന നിയമമാണ് ഇത്. നേരത്തെ നിരവധി കോടതികള്‍ ഇതിനുസമാനമായ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രം നിര്‍ണായക നിയമനിര്‍മാണത്തിലേക്ക് കടന്നത്.