ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്വപ്ന സഞ്ചാരകേന്ദ്രമാണ് ഡിസ്നി ലാൻഡ്. ഭൂമിയിലെ ഏറ്റവും സന്തോഷകരമായ സ്ഥലം എന്നറിയപ്പെടുന്ന ഈ ഡിസ്നി തീം പാർക്ക്, 1955 -ൽ ആരംഭിച്ചത് മുതൽ ആ മാന്ത്രികത അനുഭവിക്കാൻ മുതിർന്നവരും കുട്ടികളുമായി ആയിരക്കണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് ഒഴുകിയെത്തുന്നത്. പാരീസിൽ ആയാലും ഒർലാൻഡോയിൽ ആയാലും കാലിഫോണിയയിൽ ആയാലും ഡിസ്നിലാൻഡിനോടുള്ള ആളുകളുടെ പ്രിയം ഒരുപോലെയാണ്. ഒരു കാന്തത്തിന് ചുറ്റും എന്നതുപോലെ എപ്പോഴും ഒരു വലിയ ജനക്കൂട്ടത്തെ തന്നെ ചുറ്റും ആകർഷിച്ചു നിർത്താനുള്ള ശേഷി ഈ തീം പാർക്കിനുണ്ട്.
എന്നാൽ, സന്തോഷത്തിന് പേരുകേട്ട ഈ സ്ഥലം ഇപ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കുന്നില്ല എന്നാണ് ഒരു സമീപകാല സംഭവം സൂചിപ്പിക്കുന്നത്. മരിയോ സെലയ എന്ന കനേഡിയൻ സ്വദേശിയാണ് അടുത്തിടെ ഡിസ്നിലാൻഡ് സന്ദർശിച്ചതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അഭിപ്രായപ്രകടനം നടത്തിയത്. ഡിസ്നിലാൻഡ് സന്ദർശിക്കാൻ തന്റെ നാലംഗ കുടുംബത്തിന് ചിലവായ ഭീമമായ തുകയുടെ വിശദാംശങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു മരിയോ സെലയയുടെ ഈ പ്രതികരണം. ഇദ്ദേഹം tiktok -ൽ പോസ്റ്റ് ചെയ്ത വിമർശന വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
പാരീസിലെ ഡിസ്നിലാൻഡിന്റെ അമിതമായ ടിക്കറ്റ് നിരക്കിൽ മരിയോ സെലയ തന്റെ അമർഷം പ്രകടിപ്പിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തന്റെ ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും ഒപ്പം ഡിസ്നിലാൻഡ് സന്ദർശിച്ചതായും അതിൽ താൻ ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. അമേരിക്കക്കാർക്ക് ഏകദേശം 1,200 USD (ഏകദേശം. 99,269 ഇന്ത്യൻ രൂപ), കനേഡിയൻമാർക്ക് 1,600 CAD (ഏകദേശം 97,533 ഇന്ത്യൻ രൂപ) യുമാണ് പ്രവേശന ടിക്കറ്റിനു മാത്രമായി ഇവിടെ നൽകേണ്ടി വരുന്നത് എന്നാണ് മരിയോ പറയുന്നത്.
പാർക്കിനുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ നീണ്ട ക്യൂ ഒഴിവാക്കി റൈഡുകളിൽ കയറണമെങ്കിൽ ഓരോ വ്യക്തിക്കും 173 $(ഏകദേശം 14,311 രൂപ) മുടക്കി പ്രീമിയർ പാസുകൾ എടുക്കണമെന്നും അദ്ദേഹം പറയുന്നു. ഇനി ക്യൂവിൽ നിന്ന് റൈഡുകളിൽ കയറണമെങ്കിൽ പോലും 120$ (ഏകദേശം 9927 രൂപ) ചെലവാക്കി സ്റ്റാൻഡേർഡ് ടിക്കറ്റുകൾ വേണമെന്നും മരിയോ വീഡിയോയിൽ വ്യക്തമാക്കുന്നു. പ്രീമിയർ പാസുകൾ കയ്യിലില്ലാത്തവരുടെ കാത്തിരിപ്പ് 24 മണിക്കൂറിൽ അധികം നീളുമെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്തുകൊണ്ടാണ് ആളുകൾ ഇത്രമാത്രം ഇവിടെ ഇടിച്ചു കയറുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പണ ഉൽപ്പാദന കേന്ദ്രമാണ് ഡിസ്നിലാൻഡെന്നും അദ്ദേഹം വിമർശിച്ചു. അവിടേക്ക് പോയതിൽ ഇപ്പോൾ താൻ ഖേദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മരിയോയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ സമാനാഭിപ്രായവുമായി നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രവേശന ടിക്കറ്റ് ചാർജ് അടക്കം വർധിപ്പിക്കാനുള്ള ഡിസ്നിയുടെ തീരുമാനം പലരെയും നിരാശരാക്കിയിട്ടുണ്ട്. 2022 ഓഗസ്റ്റിൽ ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ, ഇവിടെ ടിക്കറ്റ് നിരക്ക് 3,871% വർദ്ധിപ്പിച്ചിട്ടുണ്ട്.