മുംബൈ: സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയില്‍ അസ്വാരസ്യമെന്ന് സൂചന. തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ആര്‍ജെഡി, സമാജ്വാദി, ജനതാദള്‍ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ മുന്നണി യോഗത്തിനുശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പങ്കെടുത്തില്ല. ലോക്‌സഭാ എംപി അഭിഷേക് ബാനര്‍ജിയും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രയനും പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല. യോഗത്തില്‍, സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ എത്രയും വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു.
സീറ്റ് വിഭജനം സംബന്ധിച്ച കാര്യത്തില്‍ വേഗത്തില്‍ തീരുമാനം വേണമെന്ന ആവശ്യവുമായി എഎപി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളും രംഗത്തെത്തിരുന്നു. സീറ്റുകള്‍ സംബന്ധിച്ച ധാരണ നേരത്തെ ഉണ്ടായാല്‍ മാത്രമേ കൃത്യമായ രീതിയില്‍ പ്രചാരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനാവൂ എന്നും വിവിധ പാര്‍ട്ടി വക്താക്കള്‍ പ്രതികരിച്ചു.
ജാതി സെന്‍സസ് സംബന്ധിച്ച വിഷയത്തിലും കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ജെഡിയു, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ പാര്‍ട്ടികള്‍ ജാതി സെന്‍സസ് ആവശ്യവുമായി മുന്നോട്ടു വന്നപ്പോള്‍, മമത ബാനര്‍ജി ഇതില്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ ജാതി സെന്‍സസിന് എതിരല്ലെന്നും എന്നാല്‍ അതിനു വര്‍ഗീയ നിറം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജൂലൈയില്‍ ബംഗളൂരുവില്‍ നടന്ന മുന്നണി യോഗത്തില്‍ ജാതി സെന്‍സസിന് അനുകൂലമായ പ്രമേയം പാസാക്കിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 440 സീറ്റില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ‘ഇന്ത്യ’ മുന്നണിയുടെ നീക്കം. ഇതില്‍ പരമാവധി സ്ഥാനാര്‍ഥികളെ അടുത്തമാസം അവസാനത്തോടെ തന്നെ തീരുമാനിക്കാനും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ധാരണയായി. ബിജെപി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാകും ‘ഇന്ത്യ’ മുന്നണി പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുക. അങ്ങനെയല്ലാത്ത കേരളത്തിലും പഞ്ചാബിലും പൊതുസ്ഥാനാര്‍ഥികളുണ്ടാകില്ല.
ബംഗാളില്‍ തങ്ങളുടെ ആളുകളെ പൊതുസ്ഥാനാര്‍ഥികളാക്കണമെന്ന തൃണമൂലിന്റെ ആവശ്യത്തിനു കോണ്‍ഗ്രസ് അനുകൂലമാണെങ്കിലും സിപിഎം അംഗീകരിച്ചിട്ടില്ല. ഇവയടക്കം വിവിധ സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥികളുണ്ടായേക്കില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് പങ്കിടുന്നതില്‍ കോണ്‍ഗ്രസിനു കടുംപിടിത്തമുണ്ടാകില്ല.