തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്.
അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം.
‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ ഇട്ട കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്’ ഫേസ്ബുക്ക് പോസ്റ്റ്.
തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമ നടപടിയിലേക്ക് കടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന അച്ചു, അധിക്ഷേപം കടുത്തതോടെയാണ് പരാതി നൽകാൻ തയ്യാറായത്. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് ലിങ്കുകളും സ്ക്രീൻഷോട്ടുകളും അടക്കമാണ് സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനായ നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരെ പരാതി നൽകിയത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തോട് അച്ചു ഉമ്മന്റെ പ്രതികരണം. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലാത്ത എനിക്കെതിരെയാണ് അധിക്ഷേപം. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ പറയുന്നു.