KeralaNEWS

വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍

കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ പിടിയില്‍.തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി പി.വി.പ്രവീണ്‍ (37), ഇയാളുടെ സഹോദരനായ പി.വി. പ്രവീഷ് (31) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ദേവലോകം സ്വദേശിനിയായ യുവതിയില്‍നിന്ന് 13 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.ഇരുവരും ചേര്‍ന്ന് 2022ല്‍ യുവതിയില്‍ നിന്ന് ചെന്നൈയിലുള്ള കണ്‍സള്‍ട്ടൻസി സ്ഥാപനം മുഖേന, യു.കെയില്‍ സീനിയര്‍ കെയര്‍ നഴ്സായി ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 13,60,000 രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു.

ഇതിനുശേഷം ഇവര്‍ യുവതിക്ക് ഒറിജിനലാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്‌ വ്യാജ സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.ജോലി ലഭിക്കാതിരിക്കുകയും കൊടുത്ത പണം തിരികെ നല്‍കാതെവരികയും ചെയ്തതോടെ യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.

Signature-ad

ഇവര്‍ക്കെതിരെ വൈക്കം പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ഈസ്റ്റ് എസ്.എച്ച്‌.ഒ പി.എസ്. ഷിജു , എസ്.ഐമാരായ പി.എസ്. അരുണ്‍കുമാര്‍ , സജി ലൂക്കോസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: