ലക്നൌ : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗർ നേഹ പബ്ലിക് സ്കൂളില്‍ സഹപാഠികളെ കൊണ്ട് അധ്യാപിക വിദ്യാര്‍ത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്.
കുട്ടിയെ തിരിച്ചറിയും വിധം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമര്‍ശം.സ്കൂളില്‍ ഏതോ ആവശ്യത്തിനെത്തിയ ഒരാളാണ് ദൃശ്യങ്ങളെടുത്തത്.ഈ ദൃശ്യം പുറത്ത് വിട്ടതിനാണ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്.
അതേസമയം ഏറെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുസാഫിര്‍ നഗറില്‍ നിന്നും പുറത്ത് വന്നത്. അധ്യാപികയുടെ നിര്‍ദ്ദേശ പ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒപ്പം പഠിക്കുന്ന കുട്ടികളുടെ മര്‍ദ്ദനമേറ്റ് കരയുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ക്രൂര ദൃശ്യങ്ങള്‍ പുറത്ത് വന്നെങ്കിലും, ജാമ്യം കിട്ടാവുന്ന ദുര്‍ബല വകുപ്പുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിരിക്കുന്നത്.