ചെന്നൈ: ഭാര്യയുടെ പ്രസവത്തിന് ഭർത്താവിന് പിതൃത്വ അവധി നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നൈ ഹൈക്കോടതി. നവജാത ശിശുവിന്റെ അടിസ്ഥാന മനുഷ്യാവകാശമായി ഈ അവധിയെ കണക്കാക്കണം. പിതൃത്വ അവധി നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി അധ്യക്ഷയായ ബഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
തമിഴ്നാട് പൊലീസിലെ ഇൻസ്പെക്ടറായ ബി ശരവണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. തമിഴ്നാട്ടിൽ പിതൃത്വ അവധി നൽകുന്നതിന് നിയമ നിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഗർഭിണിയായ തന്റെ ഭാര്യയെ പരിചരിക്കാനും പ്രസവ സമയത്ത് ശുശ്രൂഷ നൽകാനും വേണ്ടിയാണ് ശരവൺ അപേക്ഷ നൽകിയിരുന്നത്. ഇത് നിരസിച്ചതിനെ തുടർന്ന് അദ്ദേഹം അകാരണമായി ജോലിയിൽ നിന്ന് വിട്ടു നിന്നുവെന്ന് കാണിച്ച് നോട്ടീസ് നൽകുകയും പിന്നാലെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
“ഐവിഎഫ് ചികിത്സ തേടുന്ന സ്ത്രീകൾക്ക് പ്രസവ സമയത്തെ സങ്കീർണതകൾ ഒഴിവാക്കാൻ മികച്ച പരിചരണം ആവശ്യമാണ്. തന്റെ ഔദ്യോഗിക പദവിയിൽ ജോലി ചെയ്യുന്നതിന് പുറമെ ആ സമയത്ത് ഭാര്യയെ പരിചരിക്കേണ്ടിയിരുന്നു. പ്രസവത്തിലൂടെയോ ദത്തെടുക്കലിലൂടെയോ മാതാപിതാക്കളായി മാറുന്നവർക്ക് ശരിയായ ശിശു പരിചരണം ഉറപ്പാക്കാൻ അവധി അനുവദിക്കണം. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും” കോടതി നിരീക്ഷിച്ചു.
മേയ് ഒന്നാം തീയ്യതി മുതൽ ജൂലൈ 29 വരെ 90 ദിവസത്തെ അവധിക്കാണ് തെങ്കാശി ജില്ലയിലെ കടയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇൻസ്‍പെക്ടർ ശരവണൻ അപേക്ഷിച്ചത്. ആദ്യം അവധി അനുവദിച്ചെങ്കിലും പിന്നീട് എസ്.പി അപേക്ഷ നിരസിച്ചു. കോടതി ഇടപെടലിന് ശേഷം മേയ് 15 വരെ ജോലിയിൽ നിന്ന് മാറി നിൽക്കാൻ പിന്നീട് അനുവദിച്ചു. എന്നാൽ അവധിക്ക് പുതിയ അപേക്ഷ നൽകാനായിരുന്നു നിർദേശം. ഇതിനെ തുടർന്ന് മേയ് ഒന്ന് മുതൽ 30 വരെ അവധി അനുവദിച്ചു.
മേയ് 31നാണ് ശരവണന്റെ ഭാര്യ പ്രസവിച്ചത്. പ്രസവ ശേഷമുള്ള ഗുരുതരാവസ്ഥ കണക്കിലെടുത്ത് കൂടുതൽ അവധി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ജൂൺ 22ന് അകാരണമായി ജോലിയിൽ നിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും തുടർന്ന് സസ്‍പെൻഡ് ചെയ്യുകയുമായിരുന്നു.