ഡബ്ലിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വൻറി 20 പരമ്പര യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവരുടെ വരവറിയിക്കൽ ആയെങ്കിൽ അയർലൻഡിനെതിരായ പരമ്പര കൂടുതൽ യുവതാരങ്ങൾക്കുള്ള അവസരമാണ്. ഐപിഎൽ മികവിൻറെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ച ഫിനിഷർ റിങ്കു സിംഗ് ഇന്ന് ആദ്യ ട്വൻറി 20 കളിച്ച് രാജ്യാന്തര അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും റിങ്കും സിംഗ് ഇന്ത്യൻ സ്ക്വാഡിലുണ്ട്.
ഐപിഎൽ പതിനാറാം സീസൺ കണ്ട ആരാധകർക്ക് മറക്കാനാവാത്ത പേരുകളിലൊന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ റിങ്കു സിംഗ്. തുടർച്ചയായി അഞ്ച് സിക്സറുകളടക്കം ബാറ്റെടുത്ത മത്സരങ്ങളിൽ മിക്കതിലും ഇടംകൈയൻ റിങ്കു ഫിനിഷിംഗ് മികവ് കൊണ്ട് അമ്പരപ്പിച്ചു. സീസണിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന വിശേഷണമാണ് റിങ്കുവിന് ആരാധകർ നൽകിയത്. ഐപിഎല്ലിന് പിന്നാലെ നടന്ന വിൻഡീസ് പര്യടനത്തിൽ അവസരം ലഭിച്ചില്ലെങ്കിലും അയർലൻഡിന് എതിരായ ആദ്യ ടി20യിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇന്ന് ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തിൽ റിങ്കു സിംഗ് ആദ്യമായി ഇന്ത്യയുടെ നീല ജേഴ്സി അണിയും.
ഇന്ത്യൻ മാനേജ്മെൻറിന് ഏറെ പ്രതീക്ഷ നൽകുന്ന കണക്കുകളാണ് റിങ്കു സിംഗിൻറേത്. ഐപിഎൽ 2023 സീസണിൽ കെകെആറിൻറെ ഉയർന്ന റൺവേട്ടക്കാരനായി മാറിയ താരം 14 കളികളിൽ 59.25 ശരാശരിയിലും 149.52 പ്രഹരശേഷിയിും 474 റൺസ് നേടി. മൂന്ന് അർധസെഞ്ചുറി പേരിലാക്കിയപ്പോൾ 67* ആണ് ഉയർന്ന സ്കോർ. ഗുജറാത്ത് ടൈറ്റൻസിനതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാൻ അഞ്ച് പന്തിൽ 29 റൺസ് വേണ്ടപ്പോൾ യഷ് ദയാലിനെ തുടർച്ചയായി 5 സിക്സുകൾ പറത്തി റിങ്കു വിസ്മയിപ്പിച്ചിരുന്നു. ആദ്യ പന്തിൽ ഉമേഷ് യാദവ് സിംഗിളിട്ട് സ്ട്രൈക്ക് റിങ്കുവിന് കൈമാറിപ്പോൾ അവസാന അഞ്ച് പന്തുകളും സിക്സ് പായിച്ച് യുവ താരം കൊൽക്കത്തയ്ക്ക് മൂന്ന് വിക്കറ്റിൻറെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.