ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മാവടി സ്വദേശികളായ സജി ജോണ്‍, ബിനു, മുനിയറ സ്വദേശി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേല്‍ കൊള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. സംഭവസമയത്തു മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ടു നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിരുന്നു. സണ്ണിയുടെ കൊലപാതകത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
സണ്ണിയുടെ മൂക്കിന്റെ ഭാഗത്തു വെടിയേറ്റിട്ടുണ്ടെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായിരുന്നു. മുറിയില്‍നിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികളും അറിയിച്ചു. മക്കള്‍: സാനിയ, റോസ് മരിയ.