2005ല്‍ ജോലി ആവശ്യാര്‍ഥം യു.എ.ഇ സന്ദര്‍ശന വേളയിലാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ശ്രീജയെ തൈമൂര്‍ പരിചയപ്പെടുന്നത്. ഇത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയില്‍ ശ്രീജ യമനില്‍ നഴ്സായി ജോലികിട്ടിപ്പോയെങ്കിലും സ്നേഹബന്ധം തുടര്‍ന്നു. യമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജക്ക് നാട്ടിലേക്ക് പോരേണ്ടി വന്നെങ്കിലും വൈകാതെ ജോലി തേടി ശ്രീജ യു.എ.ഇയിലേക്കുതന്നെ മടങ്ങിയെത്തുകയായിരുന്നു.
2018 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഏറെ പ്രതിസന്ധികള്‍ മറികടന്നായിരുന്നു വിവാഹം. പിതാവിന്‍റെയും സഹോദരന്‍റെയും സാന്നിധ്യത്തില്‍ വലിയ്യിന്‍റെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അതിരുകളില്ലാത്ത ജീവിതവഴിക്ക് ഏറെ പിന്തുണ നല്‍കിയ തൈമൂറിന്‍റെ പിതാവിനെ കാണണമെന്ന ശ്രീജയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം ഇതിനിടയില്‍ മരണപ്പെട്ടു. പിതാവിന്‍റെ ഓര്‍മക്കായി നാട്ടില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ച വീടിന് താരിഖ് മൻസില്‍ എന്ന് പേരുനല്‍കി.
60 ദിവസത്തെ സന്ദര്‍ശന വിസയാണ് തൈമൂറിന് ലഭിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി വിഡിയോകള്‍ ചെയ്തിട്ടുള്ളതിനാല്‍ ഇരുവരും പ്രവാസ ലോകത്തും നാട്ടിലും സുപരിചിതരാണ്.