കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനം വിപണി വിഹിതവുമായി എസ്യുവികൾ നിലവിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. ഈ വർഷത്തെ ആദ്യ ഏഴുമുതൽ എട്ട് മാസങ്ങളിൽ, പുതിയ സെൽറ്റോസ് ഉൾപ്പെടെ ഒന്നിലധികം പുതിയ എസ്യുവികൾ പുറത്തിറക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ, ഇന്ത്യൻ വിപണിയിൽ പുതിയ എസ്യുവികളുടെ ഒരു ശ്രേണി അവതരിപ്പിക്കപ്പെടാൻ ഒരുങ്ങുകയാണ്. ഈ വർഷാവസാനത്തിന് മുമ്പ് വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ എസ്യുവികളുടെ ലിസ്റ്റ് ഇതാ
ടാറ്റ നെക്സോൺ ഫെയ്സ്ലിഫ്റ്റ്
ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നെക്സോൺ ശ്രേണിയിൽ വലിയ അപ്ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. പുതുക്കിയ മോഡലിന് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ലഭിക്കും. പുതിയ മോഡലിന് വയർലെസ് കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും മറ്റുള്ളവയും ലഭിക്കും. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇത് നിലനിർത്തും. നിലവിലുള്ള 30.2kWh, 40.5kWh ബാറ്ററി പാക്കുകൾ ഇലക്ട്രിക്ക് പതിപ്പിൽ നിലനിർത്തും.
ഹോണ്ട എലിവേറ്റ്
സെപ്റ്റംബർ ആദ്യം ഹോണ്ടയുടെ മെയിഡ്-ഇൻ-ഇന്ത്യ എസ്യുവിയായ എലിവേറ്റ് പുറത്തിറക്കും. ഉപഭോക്താക്കളുടെ പ്രിവ്യൂ, ടെസ്റ്റ് ഡ്രൈവുകൾക്കായി ഡീലർഷിപ്പുകളിലേക്ക് എസ്യുവി അയയ്ക്കാൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. 121PS പവറും 145Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും സിവിടിയും ഉൾപ്പെടുന്നു. ഇത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയവയ്ക്ക് എതിരാളിയാകും.
സിട്രോൺ C3 എയർക്രോസ്
സെപ്റ്റംബറിൽ പുതിയ സി3 എയർക്രോസ് എസ്യുവി അവതരിപ്പിക്കുന്നതോടെ സിട്രോൺ അതിന്റെ സി3 ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇത് അഞ്ച്, ഏഴ് സീറ്റുകളുള്ള ലേഔട്ടിനൊപ്പം പിന്നീട് നീക്കം ചെയ്യാവുന്ന മൂന്നാം നിര സീറ്റുകളും അവതരിപ്പിക്കും. 110PS പവറും 190Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ എസ്യുവിക്ക് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മുഖേന മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറും.
വോൾവോ C40 റീചാർജ്
XC40 റീചാർജ് അവതരിപ്പിച്ചതിന് ശേഷം, വോൾവോ കാർസ് ഇപ്പോൾ പുതിയ C40 റീചാർജ് പ്യുവർ ഇലക്ട്രിക് കൂപ്പെ എസ്യുവി 2023 സെപ്റ്റംബർ 4-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് ഹ്യുണ്ടായി അയോണിക്ക് 5, കിയ EV6 എന്നിവയ്ക്കെതിരെ മത്സരിക്കും. ഇതിന് 78kWh ബാറ്ററി പായ്ക്ക് ഉണ്ട്. കൂടാതെ സിംഗിൾ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഡ്യുവൽ-ഇലക്ട്രിക് മോട്ടോറും ഉണ്ട്. സംയുക്ത പവറും ടോർക്കും യഥാക്രമം 405 ബിഎച്ച്പിയും 660 എൻഎംയുമാണ്. ഒറ്റ ചാർജിൽ 530 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 150kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 27 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം.
ടാറ്റ ഹാരിയർ ഇവി
ടാറ്റ മോട്ടോഴ്സ് ഈ വർഷം അവസാനത്തോടെ ഹാരിയർ ഇവി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കും. കമ്പനിയുടെ ജെൻ 2 (സിഗ്മ) പ്ലാറ്റ്ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് കപ്പാസിറ്റികൾക്കൊപ്പം AWD സംവിധാനവുമായാണ് ഹാരിയർ EV വരുന്നത്. ഏകദേശം 400-500 കിമി റേഞ്ചും ഏകദേശം 60kWh ബാറ്ററി പാക്കും ലഭിക്കാൻ സാധ്യതയുണ്ട്.
ടൊയോട്ട ടൈസർ
ഈ വർഷം അവസാനത്തോടെ ഫ്രോങ്ക്സ് ക്രോസ്ഓവറിന്റെ റീ-എഞ്ചിനിയറിംഗ് പതിപ്പ് ടൊയോട്ട പുറത്തിറക്കും. അർബൻ ക്രൂയിസർ ടെയ്സർ എന്നാണ് പുതിയ മോഡലിന്റെ പേര്. ഇത് അടുത്തിടെ ഇന്ത്യയിൽ ട്രേഡ് മാർക്ക് ചെയ്യപ്പെട്ടിരുന്നു. ക്രോസ്ഓവറിന് ഒരു പുതിയ അനുഭവം നൽകുന്നതിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോളും 1.2 ലിറ്റർ ഡ്യുവൽ-ജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും.
പുതിയ ഹാരിയർ/സഫാരി
ഹാരിയർ ഇവി മാത്രമല്ല, ടാറ്റ മോട്ടോഴ്സ് ഹാരിയർ, സഫാരി എസ്യുവികളുടെ പരിഷ്കരിച്ച പതിപ്പുകൾ രാജ്യത്ത് അവതരിപ്പിക്കും. കൃത്യമായ ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2023 ഒക്ടോബറോടെ പുതിയ ഹാരിയർ അല്ലെങ്കിൽ സഫാരി വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഹാരിയർ ഇവി കൺസെപ്റ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പുതിയ മോഡലുകൾ പങ്കിടും. എസ്യുവികൾ പുതുതായി വികസിപ്പിച്ച 1.5-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുക.