തിരുവനന്തപുരം: കൈതോലപ്പായയില്‍ രണ്ടരക്കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പൊലീസ്. ശക്തിധരനോ പരാതിക്കാരനായ ബെന്നി ബെഹ്നാനോ തെളിവുകള്‍ നല്‍കിയില്ലെന്നാണ് പൊലീസ് വിശദീകരണം. അതിനാല്‍ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് അന്വേഷണ സംഘം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ഏറെനാള്‍ വലിയ രാഷ്ട്രീയചര്‍ച്ചയായ വിവാദത്തിലാണ് കഴമ്പില്ലെന്ന പൊലീസ് കണ്ടെത്തല്‍.കൊച്ചയിലെ ഓഫീസില്‍ വച്ച് രണ്ടകോടി രൂപ എണ്ണി തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് പ്രമുഖ നേതാവ് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ശക്തിധരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയെയും പോസ്റ്റില്‍ പരോക്ഷമായി പറഞ്ഞിരുന്നു. പണം കൊണ്ടുപോയത് ആരാണെന്നോ, തീയതിയോ പോസ്റ്റിലുണ്ടായിരുന്നില്ല. പോസ്റ്റിനു പിന്നാലെ ആരോപണം ഏറ്റുപിടിച്ച പ്രതിപക്ഷം ശക്തിധരന്റെ ആരോപണം മുഖ്യമന്ത്രിക്കെതിരെയാണെന്ന് പറഞ്ഞിരുന്നു.
ബെന്നി ബെഹ്നാന്‍ എംപി നല്‍കിയ പരാതിയില്‍ പൊലിസ് ശക്തിധരന്റെ മൊഴിയെടുത്തുവെങ്കിലും അന്വേഷണത്തിന് സഹായമായ ഒന്നും പറഞ്ഞില്ല. ശക്തിധരന്‍ പരാതിക്കാരനായ ബെന്നി ബെഹന്നാനെയും തള്ളിപ്പറഞ്ഞു. പണം കടത്തിയത് സിപിഎമ്മാണെന്ന് ബെന്നിയുടെ പരാതിയിലുണ്ടായിരുന്നു.
ഒരു രാഷ്ട്രീയ സംഘടനക്കെതിരെയും ആരോപണം ഉന്നയിച്ചില്ലെന്നായിരുന്നു ശക്തിധരന്റെ മൊഴി. ബെന്നി ബെഹ്ന്‌നാനും തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കേസെടുത്തുള്ള അന്വേഷണ സാധ്യത തള്ളി കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ സിറ്റിപൊലിസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് കമ്മീഷണര്‍ പരിശോധിക്കുകയാണ്. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കും. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ കേസ് അവസാനിപ്പിക്കും.