ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് നാസ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
ദില്ലി: സമകാലീന ചരിത്രത്തിലെ എറ്റവും ചൂടേറിയ മാസം 2023ലെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ 2023 എന്ന് നാസയുടെ റിപ്പോർട്ട്. 1880 മുതലുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നാസയുടെ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അനുമാനത്തിൽ എത്തിയത്. തെക്കൻ അമേരിക്കയിലെയും വടക്കൻ അമേരിക്കയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രദേശങ്ങളും അൻറാർട്ടിക്കൻ ഉപദ്വീപും ആണ് ഈ ചൂടിൻറെ ശക്തി എറ്റവും കൂടുതൽ അനുഭവിച്ചത്. ശരാശരി താപനിലയിൽ നാല് ഡിഗ്രി സെൽഷ്യസിൻറെ വരെ വർദ്ധനവ് ഈ മേഖലകളിൽ അനുഭവപ്പെട്ടതായി നാസയുടെ റിപ്പോർട്ടിൽ പറയുന്നു.
‘മുൻ വർഷങ്ങളിലെ ജൂലൈ മാസങ്ങളിൽ 2023 ജൂലൈയിലെ താപനില ഉണ്ടായിരുന്നില്ല. ഞങ്ങളുടെ റെക്കോർഡിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ഈ ജൂലൈ. അത് 1880 ലേക്ക് പോകുന്നു. ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഗാവിൻ ഷ്മിഡ് പ്രസ്താവനയിൽ പറഞ്ഞു. ഇത് സാധാരണമല്ല. ശരാശരി താപനിലയിലെ വർധനവ് അപകടകരമായ കൊടും ചൂടിന് ആക്കം കൂട്ടും’- ഗാവിൻ ഷ്മിഡ് വ്യക്തമാക്കി. ‘കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ആളുകളെയും ആവാസവ്യവസ്ഥയെയും ബാധിക്കുന്നുണ്ടെന്ന് നാസ ആസ്ഥാനത്തെ ശാസ്ത്രജ്ഞയും മുതിർന്ന കാലാവസ്ഥാ ഉപദേഷ്ടാവുമായ കാതറിൻ കാൽവിനും വ്യക്തമാക്കി.