CrimeNEWS

തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികളുടെ പരാക്രമം; കസ്റ്റഡിയിൽ ഇരിക്കെ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു

കണ്ണൂർ: തലശ്ശേരി മാടപ്പീടികയിൽ യുവാക്കളുടെ പരാക്രമം. എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ, ധർമ്മടം സ്വദേശി ഖലീൽ എന്നിവരാണ് അക്രമം നടത്തിയ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേർന്ന് തല്ലിപ്പൊട്ടിച്ചു. ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Signature-ad

തലശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വൈകുന്നേരത്തോടെയാണ് തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നും ഇരുവരെയും കഞ്ചാവ് സഹിതം പിടികൂടുന്നത്. ഖലീലിൻ്റെ കൈവശം 18 ഗ്രാമും, ജമാലിൻ്റെ കൈവശം 22 ഗ്രാം കഞ്ചാവുമുണ്ടായിരുന്നു. പരിശോധനയിൽ ജമാലിൻ്റെ കൈയ്യിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടി.

ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ, ടേബിൾ, ഫാൻ എന്നിവ അടിച്ചു തകർത്തു. തുടർന്ന് അസി. എക്സൈസ് ഓഫീസർ സെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ വി.കെ ഷിബു, എക്സൈസ് ഉദ്യോഗസ്ഥരായ ലിമേഷ്,  വി.കെ ഫൈസൽ, യു.ഷെനിത്ത് രാജ്,  ജസ്ന ജോസഫ്, എം.ബീന എന്നിവർ ചേർന്നാണ് അക്രമികളെ പിടികൂടിയത്. വനിതാ ജീവനക്കാർ അടക്കമുള്ളപ്പോഴായിരുന്നു അക്രമം. കഴിഞ്ഞ ദിവസവം ഖലീലിനെ എക്സ്സൈസ് സംഘം പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.

Back to top button
error: