വീട് നോക്കലും, കുട്ടികളുടെ കാര്യങ്ങളുമൊക്കെയായി സ്ത്രീകൾക്ക് പലപ്പോഴും തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാൽ സ്വന്തം കാലിൽ നിൽക്കണമെന്ന ബോധ്യം വരുമ്പോഴാണ് പലരും തന്നാലാവും വിധം എന്തുചെയ്യുമെന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുക. എന്നാൽ ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ചിന്തിക്കുമ്പോൾ കയ്യിൽ പണമില്ലെന്ന കാര്യമായിരിക്കും ആദ്യം ഓർമയിൽ വരിക. അങ്ങനെ മൂലധനമില്ലെന്ന കാരണത്താൽ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം പലരും മുളയിലേ നുള്ളിയെറിയും. എന്തായാലും ഇനി കയ്യിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം.
എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി , നല്ല രീതിയിൽ നടത്തുന്നവരും നമുക്കിടയിലുണ്ട്. സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി 50000 മുതൽ 1 കോടി രൂപ വരെ ധസഹായം നൽകുന്ന സർക്കാർ സ്കീമുകൾ നിലവിലുണ്ട്. ഓരോരുത്തരുടെയും, ബിസിനസ് ആവശ്യകതയും, ബിസിനസ് ലക്ഷ്യവും, എന്ത് തരം ബിസിനസ് ആണെന്നതും, തിരിച്ചടവ് ശേഷിയുമുൾപ്പെടെ കണക്കിലെടുത്ത് സംരഭകത്വ സഹായത്തിനുള്ള പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. വനിതാ സംരഭകർക്ക് മുതൽക്കൂട്ടാവുന്ന അത്തരം ചില സ്കീമുകളെക്കുറിച്ചറിയാം.
*മുദ്ര യോജന – ചെറുകിട സംരഭങ്ങൾക്ക് തുടങ്ങാനാഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതി
*മഹിളാ ഉദ്യം നിധി പദ്ധതി – സിഡ്ബി അഥവാ ചെറുകിട വ്യവസായ വികസന ബാങ്ക് വാഗ്ദാനം ചെയ്യുന്ന സ്കീം
*സ്ത്രീ ശക്തി പദ്ധതി – വനിതാ സംരഭകർക്കായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതി
*സ്റ്റാൻഡ് അപ്പ് ഇന്ത്യ- പട്ടിക വർഗ , പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള പദ്ധതി
*അന്നപൂർണ്ണ പദ്ധതി – ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകൾക്കായുള്ള സ്കീം
*ഉദ്യോഗിനി പദ്ധതി – വനിതാ വികസന കോർപറേഷന്റെ കീഴിൽ ആരംഭിച്ച സ്കീം