കോട്ടയം: എന്‍.എസ്.എസിനേയും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരേയും പുകഴത്തി പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസ്. എന്‍.എസ്.എസിന്റേത് മതനിരപേക്ഷത ഉയര്‍ത്തുന്ന നിലപാടാണെന്നും വിശ്വാസത്തെ വര്ഗീയരാഷ്ട്രീയമാക്കാന് ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് അദ്ദേഹമെന്നും ജെയ്ക്ക് പറഞ്ഞു. എന്‍.എസ്.എസ് ആസ്ഥാനത്ത് വര്‍ഗീയ അജണ്ടയുമായെത്തിയ ഒരു നേതാവിനെ സുകുമാരന്‍ നായര്‍ പുറത്താക്കിയെന്നും ജെയ്ക്ക് പറഞ്ഞു. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയായിരുന്നു ജെയ്ക്കിന്റെ പരാമര്‍ശം.
തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ജയിച്ചു കയറാനാഗ്രഹിക്കുന്ന കേരളത്തിലെ ബി.ജെ.പിയുടെ പ്രമുഖനായ ഒരു വ്യക്തി തന്റെ വര്‍ഗീയ രാഷ്ട്രീയ അജണ്ടയുമായി എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കിക്കൊണ്ട് നടത്തിയ പ്രസ്താവന രണ്ടാമതൊരു കാവിയുമായി എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് ആരും വരണ്ടേതില്ല എന്നായിരുന്നു. അതായത് വര്‍ഗീയ രാഷ്ട്രീയവുമായി വിശ്വാസത്തെ വിലയ്ക്കെടുക്കാന്‍ ഒരു വര്‍ഗീയവാദിയും എന്‍.എസ്.എസിന്റെ ആസ്ഥാനത്തേക്ക് വരേണ്ടതില്ല എന്ന് തീര്‍ത്തു പറഞ്ഞ് മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറുപ്രകടിപ്പിച്ച അനുഭവമുണ്ട് എന്‍.എസ്.എസിന്. അങ്ങനെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന, വിശ്വാസത്തെ വര്‍ഗീയതയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ നിലപാടെടുത്ത ഒരു നേതൃത്വത്തിനും ഏത് സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിക്കാനല്ല, യോജിക്കാനാണ് കാരണങ്ങളുള്ളത്. ആര്.എസ്.എസ്. അല്ല എന്‍.എസ്.എസ്- ജെയ്ക്ക് പറഞ്ഞു.
പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ച ചെയ്യുന്നതെന്നും ജെയ്ക്ക് പറഞ്ഞു. വികസനമാണ് വിഷയമെങ്കില്‍ 182 ബൂത്തുകളിലെ ഏതു സ്ഥലത്തും ഏതു മൂലയിലും ഏതു സമയത്തും സംവാദത്തിനു വരാന്‍ തയ്യാറാണ്. വികസനം എന്ന് പറയുന്നത് സി.പി.എമ്മിന്റെയോ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയപ്രസ്ഥാനത്തിന്റെയോ അടുക്കള കാര്യമല്ല. അത് അങ്ങേയറ്റം ജനജീവിതസംബന്ധമാണ്.- ജെയ്ക്ക് പറഞ്ഞു.
എന്നാല്‍ പുതുപ്പള്ളിയിലും സമദൂരമെന്ന പരാമ്പരാഗത നിലപാടിലാണ് എന്‍.എസ്.എസ്. നിലവിലെ നിലപാടനുസരിച്ച് സമദൂരത്തില്‍ മാറ്റമില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഗണപതി പരാമര്‍ശത്തെ പറ്റി പ്രതികരിക്കാനില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.